
അഹാന്‍ പാണ്ഡെയും അനീത് പദ്ദയും ഒന്നിക്കുന്ന പ്രണയകാവ്യം 'സയാര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹിത് സൂരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രണയഗാഥ തീവ്രവികാരങ്ങളുടെയും അനശ്വരപ്രണയത്തിന്റെയും ചെപ്പുതുറക്കുന്നു. ഒരു ഗായകന്റെയും പാട്ടെഴുത്തുകാരിയുടെയും പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ക്രിഷ് കപുര്‍ എന്ന ഗായകന്റെ വേഷത്തിലാണ് അഹാന്‍ എത്തുന്നത്. അനീത് പദ്ദ പാട്ടെഴുത്തുകാരിയായും. ക്രിഷിനുവേണ്ടി നിരവധി ഗാനങ്ങള്‍ അനീതിന്റെ കഥാപാത്രം എഴുതുന്നു. സംഗീതത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുവരും സുഹൃത്തുക്കളാകുകയും പിന്നീട് അഗാധമായ, പ്രണയത്തിലേക്ക് അവർ എത്തപ്പെടുകയും ചെയ്യുന്നു. കഥ ഇങ്ങനെ നീങ്ങുമ്പോള്‍ അനീതില്‍ ചില അതൃപ്തികള്‍ പ്രകടമാകുന്നു. ഒരു പരിപാടിക്കിടെ ക്രിഷിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പ്രോഗ്രാമില്‍നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം മറ്റൊരു വഴിത്തിരിവിലേക്കു നീങ്ങുന്നു.
മകന്റെ കരിയറിലും ജീവിതത്തിലും വിള്ളലുകള്‍ വീഴുന്നതു കണ്ടുനില്‍ക്കാനാകാത വരുണ്‍ ബദോള അവതരിപ്പിക്കുന്ന കൃഷിന്റെ അച്ഛന്‍, അവനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. പ്രണയത്തിനുവേണ്ടി സ്വയം നഷ്ടപ്പെടുന്നതിനെതിരേ ക്രിഷിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
അനീതിന്റെ കഥാപാത്രത്തിന്റെ സങ്കീര്‍ണമായ അവസ്ഥകളുടെ സൂചനകളും ട്രെയിലര്‍ നല്‍കുന്നു. ജീവിതഗന്ധിയായ സിനിമയാണിതെന്ന് സംവിധായകന്‍ മോഹിത് അവകാശപ്പെടുന്നു. 'നമ്മള്‍ക്കിടയിലെ സംഭവങ്ങളാണു ചിത്രത്തിന്റെ ഉള്ളടക്കം. അഹാന്റെയും അനീതിന്റെയും പ്രകടനത്തില്‍ താന്‍ സംതൃപ്തനാണ്. അഹാന്‍, അനീത് എന്നിവരെപ്പോലുള്ള മികച്ച അഭിനേതാക്കളെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ താന്‍ സയാര ചെയ്യുമായിരുന്നില്ല.' മോഹിത് പറഞ്ഞു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ അക്ഷയ് വിധാനിയാണ് സയാര നിര്‍മിക്കുന്നത്. ജൂലായ് 19 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.