'രാമായണ'യിൽ സീതയായി സായ് പല്ലവിയും രാവണനായി യഷും കടപ്പാട്-ഫേസ്ബുക്ക്
Bollywood

'രാവണൻ പൂർണമായും മോശക്കാരനല്ല': സായ് പല്ലവിയുടെ പരാമർശം ചർച്ചയാകുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

'രാമായണ'യിൽ സീതയായി വേഷമിടുന്ന സായ് പല്ലവിയുടെ രാവണനെക്കുറിച്ചുള്ള പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ലോസ് ഏഞ്ചൽസിൽ നടന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനിടെയായിരുന്നു നടിയുടെ പ്രതികരണം.

'രാവണൻ പൂർണമായും മോശക്കാരനല്ല. നമ്മുടെ ഉള്ളിലുള്ള രാവണനെ തിരിച്ചറിയുകയും കാലക്രമേണ സ്വയം മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്'- എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.

മനുഷ്യരിലുള്ള മോശം സ്വഭാവങ്ങളും നെഗറ്റീവ് പ്രവണതകളും തിരിച്ചറിഞ്ഞ് തിരുത്തണമെന്ന ആശയമാണ് നടി മുന്നോട്ടുവച്ചതെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. എന്നാൽ രാവണനെക്കുറിച്ചുള്ള പരാമർശം അദ്ദേഹത്തെ ഒരു പരിധിവരെ അനുകൂലിക്കുന്നതാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

സായ് പല്ലവിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഓരോ മനുഷ്യരിലും ചില ദൗർബല്യങ്ങളും തെറ്റായ പ്രവണതകളും ഉണ്ടാകാമെന്നും അവ തിരിച്ചറിഞ്ഞ് തിരുത്തണമെന്നുമാണ് നടി ഉദ്ദേശിച്ചതെന്നുമാണ് ഇവരുടെ വാദം.

ഹൈദ്രാബാദിൽ നടന്ന 'രാമായണ' പ്രീ റിലീസ് ഇവന്റിൽ സായ് പല്ലവി

എന്നാൽ രാവണന്റെ പ്രവൃത്തികളെയും ഇതിഹാസത്തിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെയും ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം. എല്ലാവരിലുമുള്ള ദൗർബല്യങ്ങളുമായി രാവണന്റെ സ്വഭാവത്തെ താരതമ്യം ചെയ്യുന്നതിനെയും ഇവർ ചോദ്യം ചെയ്യുന്നു. രാമായണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എത്രത്തോളം വൈകാരികമായ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നതും ഈ സംഭവം വീണ്ടും വ്യക്തമാക്കുന്നു.

'രാമായണ'യിലെ ​ഗാനരം​ഗത്തിൽ സായ് പല്ലവി

ചിത്രം റിലീസിന് മുമ്പുതന്നെ വലിയ ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ സായ് പല്ലവിയുടെ പരാമർശവും ചർച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുടെ ഇത്തരം പരാമർശങ്ങൾ സിനിമയുടെ പ്രചാരണത്തെയും പ്രേക്ഷകരുടെ പ്രതികരണത്തെയും സ്വാധീനിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

'രാമായണ'യിൽ യഷിന്റെ ക്യാരക്ടർ പോസ്റ്റർ

നമിത് മൽഹോത്ര നിർമിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനെ അവതരിപ്പിക്കുമ്പോൾ യഷ് ആണ് രാവണന്റെ വേഷത്തിലെത്തുന്നത്. 'രാമായണ'യുടെ ആദ്യഭാഗം നവംബർ 5ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.