ഷാരൂഖ് ഖാന്‍ എന്ന ബോളിവുഡ് കിങ് ഖാന്‍ ആരാധകരുടെ മാത്രം ഹരമല്ല, കൂടെ അഭിനയിച്ചവരുടെയും പ്രിയപ്പെട്ടവനാണ്. ഇന്ന്(നവംബര്‍ രണ്ട്)അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഷാരൂഖ്. താരത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് ആശംസകളുമായി ലോകമെമ്പാടുമുള്ള ആരാധകരും ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. മഹാനടനോടൊപ്പമുള്ള ഓര്‍മകളാണ് സഹപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ബോളിവുഡ് സൂപ്പര്‍ നായിക രവീണ ടണ്ഠന്‍ ഷാരൂഖിനെക്കുറിച്ചു പറഞ്ഞ വിശേഷങ്ങൾ ആരാധകര്‍ ഏറ്റെടുത്തു.
'യഥാര്‍ഥത്തില്‍ ഷാരൂഖ് ഒരു ബഹളക്കാരനാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നതു രസകരമാണ്. ഇത്രയധികം നര്‍മബോധമുള്ള മറ്റൊരു നടനും ഒരുപക്ഷേ നമുക്കില്ല. എപ്പോഴും തമാശകള്‍ പറയുന്ന വ്യക്തി. ഞാന്‍ അടുത്തെത്തമ്പോള്‍ നല്ല സുഗന്ധമാണെന്ന് അദ്ദേഹം പറയും. എന്ത് പെര്‍ഫ്യൂമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം എന്നോട് ചോദിക്കുമായിരുന്നു. എല്ലാവരുടെയും കണ്ണില്‍ അദ്ദേഹം സുന്ദരനായിരിക്കില്ല. പക്ഷേ എന്നും എപ്പോഴും പ്രണയത്തിന്റെ രാജാവാണ് അദ്ദേഹം...'-രവീണ പറഞ്ഞു.
1995-ല്‍ പുറത്തിറങ്ങിയ 'സമാന ദീവാന', 2004-ല്‍ പുറത്തിറങ്ങിയ 'യേ ലംഹേ ജുദായ് കേ' എന്നീ ചിത്രങ്ങളിലാണ് രവീണയും ഷാരൂഖും ഒരുമിച്ചത്. സ്‌ക്രീനില്‍ അവരുടെ കെമിസ്ട്രി നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ സ്‌ക്രീനിന് പുറത്തുള്ള സൗഹൃദവും അത്രയും തന്നെ ആസ്വാദ്യകരമായിരുന്നുവെന്ന് രവീണയുടെ വാക്കുകളില്‍നിന്നു വ്യക്തമാണ്.
മകന്‍ ആര്യന്‍ ഖാന്റെ 'ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്' എന്ന ചിത്രത്തിന്റെ വിജയം മുതല്‍ ' ജവാന്‍' (2023) എന്ന ചിത്രത്തിന് അര്‍ഹമായ ദേശീയ അവാര്‍ഡ് നേട്ടംവരെ വിലയിരുത്തുമ്പോള്‍ ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ് കിംഗ് ഖാന് 2025.