രൺവീർ സിങ് ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ഡോണ്‍ 3 ല്‍ നിന്ന് രണ്‍വീര്‍ സിങ് പിന്മാറി

പപ്പപ്പ ഡസ്‌ക്‌

ദ്യശ്യം മൂന്നാം ഭാഗത്തില്‍നിന്ന് അക്ഷയ് ഖന്ന പിന്മാറിയതിനു തൊട്ടുപിന്നാലെ ഡോണ്‍ 3-ല്‍ നിന്ന് രണ്‍വീര്‍സിങ്ങും പിന്മാറി. അക്ഷയ് പിന്മാറിയത് പ്രതിഫലത്തര്‍ക്കത്തെത്തുടർന്നാണ് എ ങ്കില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സാമ്യമാണ് രണ്‍വീറിന്റെ പിന്നിലെ കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍, 'ധുരന്ധറി'ന്റെ പടുകൂറ്റന്‍ വിജയത്തിനു ശേഷം ഇരു താരങ്ങളും തങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചതാണ് അടിസ്ഥാന കാരണമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

2023-ല്‍ ഫര്‍ഹാന്‍ അക്തര്‍, രണ്‍വീര്‍ സിങ്ങിനെ പുതിയ ഡോണ്‍ ആയി പ്രഖ്യാപിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തുടങ്ങിയിരുന്നു. ഇതിഹാസതാരങ്ങളായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതരിപ്പിച്ച വേഷം രണ്‍വീര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയാണ് ആരാധകര്‍ പങ്കുവച്ചത്. എന്നാല്‍ നിർമാതാക്കളായ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ഈ കാസ്റ്റിങ്ങിനെ ഒരു പുതിയ യുഗത്തിന്റെ ഉദയമായി പ്രഖ്യാപിക്കുകയായിരുന്നു.

'ധുരന്ധർ' ട്രെയിലറിൽ രൺവീർ സിങ്

ധുരന്ധര്‍ മികച്ച പ്രേക്ഷകപ്രീതിയോടെ തിയറ്ററുകളില്‍ മുന്നേറുകയാണ്. ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 900 കോടിരൂപ മറികടക്കുകയാണ്. 2025ലെ എല്ലാ ഇന്ത്യന്‍ റിലീസുകളെയും ധുരന്ധര്‍ മറികടന്നു. ബോളിവുഡിന്റെ വാണിജ്യസമവാക്യങ്ങളെ മറികടന്ന ധുരന്ധര്‍ വരും ദിവസങ്ങളില്‍ 1000 കോടി പിന്നിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ധുരന്ധറിന് ശേഷം, രണ്‍വീര്‍ വേഷങ്ങളിൽ പുനരാലോചന നടത്താൻ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ക്രൂരനായ കുറ്റവാളിയുടെ വേഷം പുതുതായി അവതരിപ്പിച്ചാൽ, സമാന ഗ്യാങ്സ്റ്റര്‍ വേഷങ്ങളില്‍ കുടുങ്ങിപ്പോകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. നേരിട്ട് ഡോണ്‍ 3-യിലേക്ക് കടക്കുന്നതിനുപകരം, വൈവിധ്യത്തിന് മുന്‍ഗണന നല്‍കാനാണ് തീരുമാനമെന്ന് താരത്തിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സോംബി സര്‍വൈവല്‍ ത്രില്ലര്‍ പ്രലെയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ താരത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്‍വീറിന്റെ പിന്മാറ്റത്തോടെ ഡോണ്‍ 3-യുടെ ഭാവി എന്തായിരിക്കുമെന്ന അനിശ്ചിതത്വത്തിലാണ് അണിയറക്കാര്‍. ബോളിവുഡ് തുടര്‍ച്ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള പ്രതികൂലഘടകങ്ങള്‍ തുടര്‍ന്നും സംഭവിക്കാമെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു സിനിമയുടെ തുടര്‍ഭാഗങ്ങള്‍ രൺവീറിന്റെയും അക്ഷയ് ഖന്നയുടെയും പിൻമാറ്റത്തോടെ നായകനും പ്രധാന കഥാപാത്രവും ഇല്ലാത്ത അവസ്ഥയിലാണ്. 'ധുരന്ധര്‍' എന്ന ആഗോളഹിറ്റിന്റെ വിപണിമൂല്യമാണ് താരങ്ങളുടെ മനംമാറ്റത്തിനു കാരണം.