

സ്പൈ ത്രില്ലർ ധുരന്ധറിന്റെ വിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ് സോംബി ത്രില്ലറിനായി ഒരുങ്ങുന്നു. ചിത്രത്തിനായി മുംബൈയില്‍ 'ഹംഗര്‍ ഗെയിംസ്' സ്‌റ്റൈല്‍ ലൊക്കേഷന്‍ സജ്ജമാക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങി. പത്തു ദിവസത്തിനുള്ളില്‍ 500 കോടിയിലേറെ നേടിയ 'ധുരന്ധര്‍' എന്ന ചിത്രത്തിന് ശേഷം രണ്‍വീര്‍ സിങ് തിരക്കിലേക്കു കടക്കുകയാണ്. ഇതിനു പുറമെ അണിയറയില്‍ ബ്രഹ്‌മാണ്ഡചിത്രങ്ങള്‍ ഒരുങ്ങുന്നതായാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ട്. മെഗാ ബജറ്റ് തെലുങ്ക് ചിത്രത്തിനായി രൺവീർ ഡേറ്റ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജയ് മേത്ത സംവിധാനം ചെയ്യുന്ന 'പ്രലെ' എന്ന സോംബി ത്രില്ലറിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2026 ജൂലൈ-ഓഗസ്റ്റില്‍ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ചിത്രം, മുംബൈയുടെ സാമൂഹികവും വൈകാരികവും ധാര്‍മികവുമായ തകര്‍ച്ചയ്ക്കിടയിലുള്ള അതിജീവനത്തെ ഇതിവൃത്തമാക്കുന്നു.
കുറഞ്ഞ പ്രമോഷനുകള്‍ ഉണ്ടായിരുന്നിട്ടും ധുരന്ധര്‍ ബോക്‌സ്ഓഫീസ് തൂത്തുവാരി മുന്നേറുന്ന സമയത്താണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കിയത്. 'സ്കാം 1992- ദി ഹര്‍ഷദ് മേത്ത സ്റ്റോറി' എന്ന ഹിറ്റ് വെബ് സീരീസിന്റെ സംവിധായകനായ ഹന്‍സല്‍ മേത്തയുടെ മകനാണ് ചിത്രം സംവിധാനം ചെയ്യുന്ന ജയ് മേത്ത. ജയ് മേത്തയുടെ ഫീച്ചര്‍ സിനിമയിലേക്കുള്ള അരങ്ങേറ്റമായിരിക്കും പ്രലെ. ഡോണ്‍ 3 പൂര്‍ത്തിയാക്കിയതിനുശേഷമാണ് സോംബി ത്രില്ലറിനുവേണ്ടി രണ്‍വീര്‍ ഒരുങ്ങുക.
സോംബി ത്രില്ലറിനായി മുംബൈ നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ ഡിജിറ്റല്‍ രീതിയില്‍ പുനഃസൃഷ്ടിക്കും. അതാകും സിനിമയുടെ വലിയ ആകര്‍ഷണം. ഇതിനായുള്ള അന്വേഷണങ്ങളും പഠനങ്ങളും അണിയറക്കാര്‍ ആരംഭിച്ചു. അതേസമയം, ഏതു കാലഘട്ടമാണ് പുനഃസൃഷ്ടിക്കുക എന്നത് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം മുംബൈയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറും.
അതിനിടെ, ധുരന്ധര്‍ 2 - റിവഞ്ച് എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2026 മാര്‍ച്ച് 19 ന് തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.