നമിത് മൽഹോത്ര,'രാമായണ' ട്രെയിലറിൽ നിന്ന്  കടപ്പാട്-എക്സ്
Bollywood

'രാമായണ' റിലീസ് ഇന്ത്യയില്‍ രണ്ടുദിവസം വൈകും; കാരണം വ്യക്തമാക്കി നിര്‍മാതാവ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപുര്‍, സായ് പല്ലവി, യഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ' ആദ്യഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് നിര്‍മാതാവ് നമിത് മല്‍ഹോത്ര. അന്താരാഷ്ട്ര തലത്തില്‍ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുശേഷം മാത്രം ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

രാജ്യാന്തര വിപണികളില്‍ വെള്ളിയാഴ്ച അടിസ്ഥാനമാക്കിയാണ് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുന്നത്. അതിനാലാണ് നവംബര്‍ ആറ് വെള്ളിയാഴ്ച വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ദീപാവലി റിലീസായി ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, നവംബര്‍ അഞ്ചിന് വിദേശത്ത് പ്രത്യേക പെയ്ഡ് പ്രിവ്യൂകളും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

യഷിനൊപ്പം നമിത് മൽഹോത്ര

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഗോള റിലീസുകളില്‍ ഒന്നായാണ് 'രാമായണ' ഒരുങ്ങുന്നത്. ലോകമെമ്പാടുമായി അമ്പതിനായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം ലക്ഷ്യമിടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍നിന്നു ലഭിച്ചത്. ട്രെയിലര്‍ ഇതിനോടകം നൂറു കോടിയിലധികം കാഴ്ചക്കാരെ നേടി പുതിയ റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്.

'രാമായണ' ട്രെയിലറിൽ നിന്ന്

ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപുറും സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. രണ്ടു ഭാഗങ്ങളിലായി നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് പ്രോജക്ടിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തെ ദീപാവലി റിലീസായി എത്തും. പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നമിത് മല്‍ഹോത്രയും, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ യഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.