'രാമായണ' ഫാൻമേഡ് പോസ്റ്റർ സ്ക്രീൻ​ഗ്രാബ്
Bollywood

ശ്രീരാമനാകാൻ രൺബീർ നടത്തിയ അധ്വാനത്തെ പ്രശംസിച്ച് യഷ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പുറത്ത്. ഒരു അഭിമുഖത്തില്‍ ചിത്രത്തിലെ താരങ്ങളായ രണ്‍ബീര്‍ കപുറും യഷും സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ശ്രീരാമന്റെ വേഷം ചെയ്യാനായി ആദ്യം സമീപിച്ചപ്പോള്‍ വലിയ ഭയവും സംശയവും ഉള്ളിലുണ്ടായിരുന്നുവെന്ന് രണ്‍ബീര്‍ കപുര്‍ വെളിപ്പെടുത്തി.

'ഈ വേഷം ചെയ്യാന്‍ എനിക്ക് സാധിക്കുമോ, ഞാന്‍ അതിന് പ്രാപ്തനാണോ... എന്ന രീതിയിലുള്ള സംശയങ്ങള്‍ ഉണ്ടായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി കോടിക്കണക്കിന് ആളുകളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന സങ്കല്പമാണ് ശ്രീരാമന്റേതെന്നും, ഈ വേഷം ചെയ്യാനായത് വലിയൊരു ഉത്തരവാദിത്തവും ഭാഗ്യവുമാണ്'-രൺബീർ പറയുന്നു.

'രാമായണ' ടീസറിൽ ശ്രീരാമനായി രൺബീർ കപുർ

ചിത്രത്തില്‍ രാവണനായി വേഷമിടുന്ന കന്നഡ സൂപ്പര്‍ താരം യഷ് രണ്‍ബീറിന്റെ പ്രകടനത്തെയും സമര്‍പ്പണത്തെയും വാനോളം പുകഴ്ത്തി: 'ഈ ലോകത്ത് ആര്‍ക്കും ശ്രീരാമനാകാന്‍ പൂര്‍ണ യോഗ്യതയുണ്ടെന്ന് അവകാശപ്പെടാനാകില്ല. അത് മനസിലാക്കി രണ്‍ബീര്‍ ഈ കഥാപാത്രത്തിനായി നടത്തിയ ശാരീരിക മാറ്റങ്ങളും കഠിനാധ്വാനവും കാണുമ്പോള്‍ വലിയ ബഹുമാനം തോന്നുന്നു...'

നമിത് മല്‍ഹോത്ര നിര്‍മിക്കുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. രണ്‍ബീറിനും യാഷിനും പുറമെ സായ് പല്ലവി (സീത), സണ്ണി ഡിയോള്‍, രവി ദുബെ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.