നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. ഹനുമാൻ ജയന്തി ദിനത്തിൽ പുറത്തുവിട്ട ടീസറിൽ രൺബീർ കപുർ അവതരിപ്പിക്കുന്ന ശ്രീരാമന്റെ ആദ്യ ദൃശ്യങ്ങൾ ആരാധകർക്കു മുന്നിലെത്തി. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നമിത് മൽഹോത്രയുടെ ഡിഎൻഇജി എന്ന ലോകപ്രശസ്ത കമ്പനിയാണ് വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. ടീസറിന്റെ അവസാന ഭാഗത്ത് രാവണനായി വേഷമിടുന്ന കന്നഡ താരം യാഷിന്റെ സാന്നിധ്യവും സൂചിപ്പിക്കുന്നുണ്ട്. ഈവർഷം ദീപാവലിക്ക് ചിത്രം തിറ്ററുകളിൽ എത്തുമെന്ന് ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഏകദേശം 4000 കോടി രൂപ ചിലവഴിച്ചു നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു. ടീസർ പുറത്തുവന്നതിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. യാഷിന്റെ മാസ് എൻട്രിയെയും ചിത്രത്തിന്റെ പശ്ചാത്തലത്തെയും ഒരു വിഭാഗം ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ, വിഎഫ്എക്സ് നിലവാരത്തിൽ ചിലർ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. ചില ദൃശ്യങ്ങൾക്ക് വീഡിയോ ഗെയിം ഗ്രാഫിക്സിന്റെ പ്രതീതിയാണെന്നാണ് വിമർശകരുടെ പക്ഷം.
എന്നാൽ 'നമ്മുടെ സത്യം, നമ്മുടെ ചരിത്രം' എന്ന ടാഗ്ലൈൻ പ്രേക്ഷകരിൽ വലിയ വൈകാരിക സ്വാധീനം ചെലുത്തുന്നുണ്ട്. സ്വന്തം ഇഷ്ടത്തേക്കാൾ കടമയ്ക്കും ലോകനന്മയ്ക്കും പ്രാധാന്യം നൽകിയ ശ്രീരാമന്റെ ജീവിതം മാനവികതയ്ക്ക് എന്നും മാതൃകയാണെന്ന് ടീസർ പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർ കുറിച്ചു.
വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. വിഎഫ്എക്സ് രംഗത്തെ പോരായ്മകൾ പരിഹരിച്ച് ഒരു ദൃശ്യവിസ്മയം തന്നെയാകും നിതേഷ് തിവാരിയും സംഘവും സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഇന്ത്യൻ ചലച്ചിത്രലോകവും.