ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച പ്രിയദര്‍ശന്‍-അക്ഷയ്കുമാര്‍ മാന്ത്രികകൂട്ടുകെട്ട് വീണ്ടും. റിലീസിനൊരുങ്ങുന്ന 'ഹൈവാന്‍', 'ഭൂത് ബംഗ്ല' എന്നീ ചിത്രങ്ങള്‍ക്കു ശേഷം, ഇവരുടെ ഒമ്പതാമത്തെ ചിത്രമാണിത്. പക്കാ കോമഡി-ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മാണ കമ്പനിയായ ടിപ്‌സ് ആണ് നിർമിക്കുന്നത്. ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് ബി ടൗണ്‍ റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം പകുതിയോടെ പങ്കജ് ത്രിപാഠി നായകനാകുന്ന ചിത്രവും, ഒക്ടോബറില്‍ മോഹന്‍ലാല്‍ ചിത്രവുമായിരുന്നു പ്രിയദര്‍ശന്‍ ചെയ്യാനിരുന്നത്. എന്നാല്‍ ഈ രണ്ട് സിനിമകളുടെയും തിരക്കഥകളില്‍ കൂടുതല്‍ തിരുത്തലുകള്‍ ആവശ്യമുള്ളതിനാല്‍ ഇവ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറുമായുള്ള പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പ്രിയദര്‍ശന്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. താന്‍ ഇതുവരെ പരീക്ഷിക്കാത്ത തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രിയദര്‍ശന്റെ വെളിപ്പെടുത്തൽ. 'ഭൂത് ബംഗ്ല'യുടെ തിരക്കഥാകൃത്തായ രോഹന്‍ ശങ്കറിനൊപ്പമാണ് പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിന്റെ തിരക്കഥ വികസിപ്പിക്കുന്നത്. ഹേരാ ഫേരി 3-യുടെ സംവിധാനത്തില്‍നിന്ന് പ്രിയദര്‍ശന്‍ മാറിയതോടെയാണ് പുതിയ പ്രോജക്ടിന് അതിവേഗം വഴിതെളിഞ്ഞത്.
നിലവില്‍ അക്ഷയ് കുമാറും സൈഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രിയദര്‍ശന്‍ ചിത്രം 'ഹൈവാന്‍' റിലീസിനായി ഒരുങ്ങുകയാണ്. ഈ സൈക്കോളജിക്കല്‍ ത്രില്ലറിനു പിന്നാലെയാണ് പുതിയ കോമഡി-ത്രില്ലറുമായി ഹിറ്റ് കോമ്പോ വീണ്ടുമെത്തുന്നത്.