സിനിമയിലെ വിജയങ്ങൾ പലപ്പോഴും മനുഷ്യരെ ഭൂതകാലം മറക്കാൻ പ്രേരിപ്പിക്കാറുണ്ട്. എന്നാൽ 1000 കോടിയും കടന്ന് കുതിക്കുന്ന ധുരന്ധർ' എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ ഇതിൽനിന്നെല്ലാം വ്യത്യസ്തനാകുന്നു. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും തന്നെ കൈപിടിച്ചുയർത്തിയ ഗുരുവിനെ നെഞ്ചോടു ചേർത്തുപിടിക്കുകയാണ് ഈ യുവ സംവിധായകൻ.
മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെ ശിഷ്യന്മാരിൽ പ്രമുഖനാണ് ആദിത്യ ധർ. 'ധുരന്ധർ' എന്ന ചിത്രം ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമ്പോൾ, തന്റെ ശിഷ്യനെ അഭിനന്ദിച്ചുകൊണ്ട് പ്രിയദർശൻ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആദിത്യയ്ക്കൊപ്പമുള്ള ലൊക്കേഷനിലെ പഴയ ചിത്രം പങ്കുവച്ച് പ്രിയൻ കുറിച്ചു:
'എന്റെ ശിഷ്യൻ ഇത്ര വലിയ വിജയത്തിലേക്ക് ഉയരുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല. അഭിനന്ദനങ്ങൾ ആദിത്യ. ധുരന്ധർ 2-വിനും എന്റെ എല്ലാ ആശംസകളും....'
പ്രിയദർശന്റെ ഹൃദയസ്പർശിയായ കുറിപ്പിന് ആദിത്യ ധർ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകരുടെ ഉള്ളിൽതൊടുന്നത്. വാക്കിനേക്കാൾ വലിയ ആദരമാണ് ആദിത്യ തന്റെ മറുപടിയിലൂടെ പ്രകടമാക്കിയത്:
'പ്രിയൻ സാർ... ഞാൻ ഒന്നുമല്ലാതിരുന്ന കാലത്ത്, എന്നെ വിശ്വസിച്ചയാളാണ് താങ്കൾ. എനിക്ക് കേവലം ജോലി നൽകുക മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും സംവിധായകനെന്ന നിലയിലും അന്തസും സ്നേഹവും വിശ്വസ്തതയും എന്താണെന്ന് താങ്കൾ പഠിപ്പിച്ചു തരിക കൂടി ചെയ്തു...
പ്രിയദർശന്റെ 'ആക്രോശ്', 'തേസ്' എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് ആദിത്യ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. തിരശീലയിലെ മാന്ത്രികതയ്ക്കപ്പുറം ഒരു മനുഷ്യനാകുന്നത് എങ്ങനെ എന്ന് പഠിപ്പിച്ചത് പ്രിയദർശനാണെന്ന് ആദിത്യ ഓർക്കുന്നു. ഇന്നും താൻ ആ വലിയ സംവിധായകന്റെ മുന്നിൽ ഒരു വിദ്യാർഥി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 5-ന് തിയറ്ററുകളിലെത്തിയ ധുരന്ധർ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ വിസ്മയമായി മാറുകയാണ്. വെറും 35 ദിവസത്തിനുള്ളിൽ 840.85 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. വിജയത്തിന്റെ ആരവങ്ങൾ അടങ്ങും മുമ്പേ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. 2026 മാർച്ച് 19-ന് ധുരന്ധർ 2- ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.