ബി.ആര്‍. ചോപ്ര അണിയിച്ചൊരുക്കിയ 1988ലെ ടെലിവിഷന്‍ പരമ്പരയായ മഹാഭാരതത്തില്‍ കര്‍ണന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് രാജ്യാന്തര പ്രശസ്തി നേടിയ നടന്‍ പങ്കജ് ധീറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സല്‍മാന്‍ ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര തുടങ്ങിയ ബോളിവുഡ് സൂപ്പര്‍താരങ്ങളെത്തി. കാന്‍സര്‍ ബാധിതനായിരുന്ന പങ്കജ് ധീര്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 68 വയസായിരുന്നു. അന്ത്യകര്‍മങ്ങള്‍ മുംബൈയിലെ സാന്താക്രൂസിലുള്ള പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടന്നു.
അക്കാലത്തെ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നവരും അവസാനമായി കാണാനെത്തി. മഹാഭാരതത്തിൽ ജയദ്രഥനായി അഭിനയിച്ച ദീപ് ധില്ലണ്‍, ദ്രോണാചാര്യനായി അഭിനയിച്ച സുരേന്ദ്ര പാല്‍, അര്‍ജുനനായി അഭിനയിച്ച ഫിറോസ് ഖാന്‍ എന്നിവരും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. ചന്ദ്രകാന്തയിലെ രാജകുമാരന്‍ വീരേന്ദ്ര വിക്രം സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷഹബാസ് ഖാനും പങ്കജ് ധീറിന് അന്ത്യയാത്ര നല്‍കാന്‍ എത്തിയിരുന്നു. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്റ് ബി.എന്‍. തിവാരി, സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ഓണററി സെക്രട്ടറി സുശാന്ത് സിങ് എന്നിവരോടൊപ്പം നടന്മാരായ ജയ ഭട്ടാചാര്യ, മുകേഷ് ഋഷി, കുശാല്‍ ടണ്ടന്‍ എന്നിവരും ഉണ്ടായിരുന്നു.
മഹാഭാരതത്തില്‍ കര്‍ണനായി വേഷമിടുന്നതിനുമുമ്പ് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പങ്കജ് ധീറിന് പരമ്പര വന്‍ താരപരിവേഷമാണു നല്‍കിയത്. കര്‍ണന്‍ എന്നു കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ മനസിലേക്കെത്തുന്ന മുഖമായി മാറി പങ്കജ് ധീര്‍. ചന്ദ്രകാന്ത, ദി ഗ്രേറ്റ് മറാത്ത, കാനൂണ്‍, സസുരല്‍ സിമര്‍ കാ എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ ടിവി പരമ്പരകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സൗഗന്ധ് (1991), സഡക് (1991), ബാദ്ഷാ (1999), സോള്‍ജിയര്‍ (1998), ടാര്‍സാന്‍: ദി വണ്ടര്‍ കാര്‍ (2004) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച ചലച്ചിത്രങ്ങളില്‍ ചിലത്. മലയാളത്തിൽ ജയറാം നായകനായ കെ.മധു ചിത്രം 'രണ്ടാം വരവി'ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പങ്കജ് ധീറിന്റെ ഭാര്യ അനിത ധീര്‍ കോസ്റ്റ്യൂം ഡിസൈനറാണ്. മകന്‍ നികിതിന്‍ ധീറും ഒരു അഭിനേതാവാണ്. ചെന്നൈ എക്‌സ്പ്രസ്, ജോധാ അക്ബര്‍, സൂര്യവംശി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍.