ഷാഹിദ് കപുര്‍ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു വിശാല്‍ ഭരദ്വാജിന്റെ കാമിനി, ഹൈദര്‍ എന്നിവ. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഒരു ക്ലാസിക് പ്രണയകാവ്യമായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ 'ഒ റോമിയോ'യുടെ ടീസര്‍ പ്രതീക്ഷകളെ പാടെ തകിടം മറിച്ചു. കണ്ടുശീലിച്ച റോമിയോ അല്ല; ചോരയും ഭ്രാന്തും പകയും നിറഞ്ഞ ഒരു ഇരുണ്ട ലോകത്തിന്റെ രാജാവാണ്.
95 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രേക്ഷകര്‍ കാണുന്നത് ഷാഹിദ് കപുറിന്റെ ഇതുവരെ കാണാത്ത വിശ്വരൂപമാണ്. ദേഹം മുഴുവന്‍ ടാറ്റുവും കഴുത്തില്‍ കനത്ത മാലകളും ചുറ്റിയ ഷാഹിദിന്റെ ഭാവങ്ങളില്‍ നിഴലിക്കുന്നത് ഉന്മാദം മാത്രം. 'ഛോട്ടൂ' എന്ന് അലറിക്കൊണ്ട് തുടങ്ങുന്ന ടീസര്‍, നിമിഷങ്ങള്‍ക്കകം അക്രമാസക്തമായ അന്തരീക്ഷത്തിലേക്ക് മാറുന്നു. ഷാഹിദിലെ 'ഡാര്‍ക്ക് സൈഡ്' അതിന്റെ പൂര്‍ണരൂപത്തില്‍ തിരിച്ചെത്തുകയാണ് ടീസറില്‍. ഷാഹിദിനൊപ്പം വന്‍ താരനിരയാണ് വിശാൽ ഭരദ്വാജ് ചിത്രത്തില്‍ അണിനിരക്കുന്നത്. തൃപ്തി ദിമ്രി നായികയാകുമ്പോള്‍, തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ, ദിഷ പഠാനി, വിക്രാന്ത് മാസി, നാന പടേക്കര്‍, അവിനാഷ് തിവാരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഒരു വശത്ത് ഗ്ലാഡിയേറ്റര്‍ സ്‌റ്റൈല്‍ പോരാട്ടങ്ങളും മറുവശത്ത് തീവ്രമായ പ്രണയവും ടീസറില്‍ മിന്നിമറയുന്നു. തല മറച്ചുനില്‍ക്കുന്ന തൃപ്തി ദിമ്രിയെ നോക്കുന്ന ഷാഹിദിന്റെ കണ്ണുകളില്‍ പ്രണയമുണ്ടെങ്കിലും, അവസാനമില്ലാത്ത നോവായി മാറുന്നതാണെന്ന് ചിത്രം സൂചിപ്പിക്കുന്നു. വിശാല്‍ ഭരദ്വാജിന്റെ മുന്‍ ചിത്രങ്ങളിലെ പോലെ തന്നെ സംഗീതത്തിനു വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
വാലന്റൈന്‍ ദിനത്തിന് തൊട്ടുമുമ്പ്,ഫെബ്രുവരി 13-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍, പ്രണയത്തിന്റെ മറ്റൊരു മുഖം കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് 'ഒ റോമിയോ' വ്യത്യസ്തമായ അനുഭവമായിരിക്കും. 2026-ന്റെ ബോക്‌സ്ഓഫീസില്‍ ജൈത്രയാത്ര നടത്താന്‍ റോമിയോ ഒരുങ്ങിയെന്ന് ബോളിവുഡ് നിരീക്ഷകര്‍ പറയുന്നു.