'ഒ റോമിയോ' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

'ഒ റോമിയോ' നിയമക്കുരുക്കില്‍; അധോലോക നായകൻ ഹുസൈന്‍ ഉസ്താരയുടെ മകള്‍ കോടതിയിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡിലെ പ്രഗത്ഭനായ സംവിധായകന്‍ വിശാല്‍ ഭരദ്വാജും നിര്‍മാതാവ് സാജിദ് നദിയാദ് വാലയും ഒന്നിക്കുന്ന ഷാഹിദ് കപുർ ചിത്രം 'ഒ റോമിയോ' റിലീസിന് തൊട്ടുമുമ്പ് നിയമക്കുരുക്കില്‍. അധോലോക നായകനായിരുന്ന ഹുസൈന്‍ ഉസ്താരയുടെ മകള്‍ സനോബര്‍ ഷെയ്ഖ് ആണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തന്റെ പിതാവിന്റെ ജീവിതകഥ അനുമതിയില്ലാതെ സിനിമയാക്കി എന്നാണ് സനോബറിന്റെ ആരോപണം.

സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം. ചിത്രത്തിലെ നായകന്‍ തന്റെ പിതാവായ ഹസൈന്‍ ഉസ്താരയാണെന്നും കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ചിത്രം നിര്‍മിച്ചതെന്നും സനോബര്‍ ആരോപിക്കുന്നു. ഹുസൈന്‍ സെയ്ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തിലെ ഒരു അധ്യായത്തെ ആസ്പദമാക്കിയാണ് സിനിമയെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുമ്പോഴും സനോബര്‍ ഇത് അംഗീകരിക്കാന്‍ തയാറല്ല.

'ഒ റോമിയോ' ടീസറിൽ നിന്ന്

അഡ്വക്കേറ്റ് മുഖേന നിര്‍മാതാവ് സാജിദ് നദിയാദ് വാലയ്ക്കും സംവിധായകന്‍ വിശാല്‍ ഭരദ്വാജിനും നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സനോബര്‍ കോടതിയെ സമീപിച്ചത്. സിനിമ തിയറ്ററുകളിലോ, ഒടിടി പ്ലാറ്റ്ഫോമുകളിലോ, ടെലിവിഷനിലോ പ്രദര്‍ശിപ്പിക്കുന്നത് സ്ഥിരമായി തടയുക, കോടതി നിയമിക്കുന്ന കമ്മീഷണറുടെ സാന്നിധ്യത്തില്‍ സിനിമ നേരത്തെ പ്രദര്‍ശിപ്പിക്കുകയും അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യുക, ഹുസൈന്‍ ഉസ്താരയുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ടൈറ്റിലോ ഉള്ളടക്കമോ ഉപയോഗിക്കാന്‍ അനുവദിക്കരുത്, കുടുംബത്തിന്റെ അനുവാദമില്ലാതെ ഇതു റിലീസ് ചെയ്യാന്‍ പാടില്ല തുടങ്ങിയവയാണ് സനോബറിന്റെ പ്രധാന ആവശ്യങ്ങള്‍. തന്റെ പിതാവിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും സനോബർ ആരോപിക്കുന്നു.

'ഒ റോമിയോ' ട്രെയിലറിൽ നിന്ന്

എന്നാല്‍, ഇവയെല്ലാം അണിയറപ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞു. മുംബൈയില്‍ നടന്ന ട്രെയിലര്‍ ലോഞ്ചിനിടെ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഹുസൈന്‍ സെയ്ദിയുടെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നും അതിനുള്ള നിയമപരമായ അവകാശങ്ങള്‍ തങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സിനിമ ഹുസൈന്‍ ഉസ്താരയെക്കുറിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 13ന് ചിത്രം റിലീസ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോടതിയുടെ തീരുമാനം എന്താകും എന്നതിനനുസരിച്ചായിരിക്കും സിനിമയുടെ റിലീസ്.