ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത 'ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്' എന്ന വെബ് സീരീസ് വിവാദത്തില്‍. നെറ്റ്ഫ്‌ളിക്‌സ് പരമ്പരയില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപുര്‍ മുന്നറിയിപ്പില്ലാതെ നിരോധിത ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായി കാണിക്കുന്ന രംഗമാണ് വിവാദത്തിലായത്. സീനിനെതിരേ ലഭിച്ച പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍നിന്നും മുംബൈ പോലീസില്‍നിന്നും റിപ്പോര്‍ട്ട് തേടി.
ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന സംഘടനയിലെ വിനയ് ജോഷിയാണ് പരാതി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 22ന് ആണ് പരാതി നല്‍കിയത്. 'രംഗം പരസ്യമായി സ്ട്രീം ചെയ്തുവെന്നും, നിരോധിത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട് യുവ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയോ പ്രതികൂലമായി സ്വാധീനിക്കുകയോ ചെയ്തുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. നിയമലംഘനത്തിനും ദോഷകരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനും അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
'ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്' എന്ന പരമ്പരയുടെ അവസാനത്തില്‍ രണ്‍ബീര്‍ കപുര്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കരണ്‍ ജോഹറും ആസ്മാന്‍ സിങ്ങുമുള്ള രംഗത്തിലാണ് രണ്‍ബീര്‍ കപുര്‍ സിഗരറ്റ് വലിക്കുന്നത്. സെപ്റ്റംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഏഴ് എപ്പിസോഡുകളുള്ള പരമ്പരയില്‍ രണ്‍ബീര്‍ കപുറിനെ കൂടാതെ, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിങ്, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയ ബോളിവുഡ് താരങ്ങളും പ്രധാന അതിഥി വേഷങ്ങളില്‍ എത്തുന്നു.