എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്ന ഗോവിന്ദയും നീലം കോത്താരിയും തമ്മിൽ പ്രണയത്തിലായിരുന്നോ..? വർഷങ്ങൾ പഴക്കമുള്ള ഗോസിപ്പുകളിൽ ഒടുവിൽ മനസുതുറന്നിരിക്കുകയാണ് നീലം. താൻ സിനിമയിലെത്തുമ്പോൾ വളരെ ചെറിയ പ്രായമായിരുന്നുവെന്നും, ഗോവിന്ദ വിവാഹിതനായിരുന്നുവെന്ന കാര്യം ആ സമയത്ത് തനിക്ക് അറിയില്ലായിരുന്നുവെന്നും നീലം വെളിപ്പെടുത്തി.
ഭർത്താവും നടനുമായ സമീർ സോണിക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് നീലം ഇക്കാര്യം തുറന്നുപറഞ്ഞത്. നീലം കൊത്താരിയുടെ വാക്കുകൾ: 'അന്ന് എനിക്ക് വളരെ ചെറിയ പ്രായമായിരുന്നു. ഗോവിന്ദ വിവാഹിതനാണ് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു, പിന്നീടാണ് ഞാനത് അറിയുന്നത്. വളരെ കർശക്കാരായ മാതാപിതാക്കളായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ അക്കാലത്ത് പ്രണയം എന്നത് എന്റെ ചിന്തയിൽ പോലുമില്ലായിരുന്നു...'
സിനിമയിലെ തുടക്കകാലത്തുതന്നെ കാണാൻ എപ്പോഴും കുടുംബാംഗങ്ങൾ സെറ്റിൽ വരുമായിരുന്നുവെന്നും, എന്നാൽ അതു ചലച്ചിത്രലോകം സുരക്ഷിതമല്ലാത്തതുകൊണ്ടല്ല, മറിച്ച് തന്റെ ചെറുപ്പവും പരിചയക്കുറവും കൊണ്ടാണെന്നും നീലം വ്യക്തമാക്കി. സെറ്റുകളിൽ എല്ലാവരും തന്നെ ഒരു കുട്ടിയെപ്പോലെയാണ് പരിഗണിച്ചിരുന്നതെന്നും, ജാക്കി ഷ്രോഫ്, സഞ്ജയ് ദത്ത് തുടങ്ങിയ മുതിർന്ന താരങ്ങൾ തനിക്കു പ്രത്യേക സംരക്ഷണം നൽകിയിരുന്നതായും നീലം പറഞ്ഞു.
1980-കളുടെ അവസാനത്തിലും 90-കളുടെ തുടക്കത്തിലും ‘ലവ് 86’, ‘ഹത്യാ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജോഡികൾക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അടുത്തിടെ നെറ്റ്ഫ്ലിക്സിന്റെ 'ഫാബ്യുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സ്' എന്ന റിയാലിറ്റി ഷോയിലൂടെയാണു നീലം കോത്താരി വീണ്ടും വാർത്തകളിൽ നിറഞ്ഞത്.