

ബോളിവുഡിന്റെ പ്രിയ നടന്‍ ഗോവിന്ദ റിയാലിറ്റി ഷോയുടെ ലോകത്തേക്ക്! താരം മത്സരാര്‍ഥിയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആമസോൺ എംഎക്സ് പ്ലെയറിൽ സ്ട്രീം ചെയ്യാനൊരുങ്ങുന്ന പ്രശസ്ത റിയാലിറ്റി ഷോയായ 'റൈസ് ആന്‍ഡ് ഫോള്‍' സീസണ്‍ 2-വില്‍ ഗോവിന്ദ പങ്കെടുത്തേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ബ്രിട്ടീഷ് പരമ്പരയെ അടിസ്ഥാനമാക്കി അണിയറയിലൊരുങ്ങുന്ന ഈ ഷോയുടെ അണിയറപ്രവര്‍ത്തകര്‍ താരവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് സൂചനകള്‍.
നേരത്തെ 'ജീതോ ഛപ്പര്‍ ഫാഡ് കേ' എന്ന ഗെയിം ഷോ അവതാരകനായി എത്തിയിട്ടുള്ള ഗോവിന്ദ, 'ഇന്ത്യന്‍ ഐഡല്‍', 'സൂപ്പര്‍ ഡാന്‍സര്‍', 'ബിഗ് ബോസ്' തുടങ്ങിയ വിവിധ റിയാലിറ്റി ഷോകളില്‍ അതിഥിയായും എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു റിയാലിറ്റി ഷോയില്‍ മുഴുവന്‍ സമയ മത്സരാര്‍ഥിയായി പങ്കാളിയാകാന്‍ ഒരുങ്ങുന്നത് ഇതാദ്യമായാണ്. ടിവി രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ ഈ പുതിയ ചുവടുവയ്പ് കരിയറില്‍ തന്നെ ഒരു പുതിയ ഘട്ടത്തിന് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, വ്യക്തിജീവിതത്തിലെ വലിയ വാര്‍ത്തകള്‍ക്കിടയിലാണ് ഗോവിന്ദയുടെ ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. ഭാര്യ സുനിത അഹുജയുമായുള്ള വ്യക്തിപരമായ ഭിന്നതകളും കോടതി നടപടികളുമെല്ലാം അടുത്തിടെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കുടുംബപരമായ തര്‍ക്കങ്ങളും വിവാഹമോചന വാര്‍ത്തകളും ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും എതിരെ ഏതെങ്കിലും തരത്തിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്‍കരുതെന്ന് കാണിച്ച് ഗോവിന്ദ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍, റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് ഗോവിന്ദയോ ഷോയുടെ നിര്‍മാതാക്കളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചര്‍ച്ചകള്‍ വിജയകരമായാല്‍ ഉടന്‍ തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും പുതിയ സീസണിന്റെ സംപ്രേക്ഷണ തിയതിയും പുറത്തുവിടുമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.