'ഹൈവാന്‍' സെറ്റിൽ പ്രിയദർശനും സെയ്ഫ് അലിഖാനുമൊപ്പം മോഹൻലാൽ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Bollywood

'ഹൈവാന്‍' സെറ്റിൽ മോഹൻലാൽ,'ഒപ്പ'ത്തിലെ ജയരാമനെപ്പോലെ തന്നെ!

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായ 'ഒപ്പം' എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ സെറ്റില്‍ മോഹന്‍ലാല്‍ എത്തി. മോഹന്‍ലാലിനെ ആവേശത്തോടെയാണ് സെറ്റിലുള്ളവര്‍ സ്വാഗതം ചെയ്തത്. ജൂലായിയിലാണ് പ്രിയദര്‍ശന്‍ ഒപ്പത്തിന്റെ ഹിന്ദി പതിപ്പ് 'ഹൈവാന്‍' ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രമാകുന്നത്. മോഹന്‍ലാല്‍ ചെയ്ത ജയരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. അക്ഷയ്കുമാറാണ് സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ഹൈവാന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, മോഹന്‍ലാല്‍ ചിത്രത്തില്‍ സര്‍പ്രൈസ് റോളില്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

'ഒപ്പത്തിന്റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും അഭിനയിക്കും. അദ്ദേഹത്തിന്റെ കഥാപാത്രം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് അത്ഭുതമായിരിക്കും...' പ്രിയദര്‍ശന്‍ പറഞ്ഞു. ഹൈവാന്‍ എന്ന സിനിമയുടെ സെറ്റില്‍നിന്ന് സെയ്ഫ് അലി ഖാനും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു ഫോട്ടോയും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഒപ്പത്തിലെ കഥാപാത്രത്തെപ്പോലെ കാഴ്ചപരിമിതർക്കുള്ള സഹായവടിയും കണ്ണടയുമായാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാനാകുക.

മോഹൻലാലും മീനാക്ഷിയും 'ഒപ്പ'ത്തിൽ

'ജീവിതം എങ്ങനെ മാറുന്നുവെന്നും നോക്കൂ... ഇതാ ഞാന്‍ ഹൈവാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍. എന്റെ ഏറ്റവും വലിയ ക്രിക്കറ്റ് നായകന്മാരില്‍ ഒരാളുടെയും എന്റെ പ്രിയപ്പെട്ട സിനിമാ ഐക്കണിന്റെയും മകനോടൊപ്പം പ്രവര്‍ത്തിക്കുന്നു. തീര്‍ച്ചയായും, ദൈവം ദയയുള്ളവനാണ്...' എന്ന അടിക്കുറിപ്പാണ് പ്രിയദർശൻ ചിത്രത്തിനു നല്‍കിത്. കൊച്ചി, വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളിലാണ് ഹൈവാന്‍ ചിത്രീകരിക്കുന്നത്.

മലയാള ചിത്രമായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കാണ് 'ഹൈവാന്‍'. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും ഷൈലജ ദേശായി ഫെന്നും സംയുക്തമായാണു ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.