'ധുരന്ധറി'ൽ അർജുൻ രാംപാൽ ഫോട്ടോ കടപ്പാട്-ഐഎംഡിബി
Bollywood

'ഞങ്ങൾ മുംബൈ ഭീകരാക്രമണം ആഘോഷിച്ചിട്ടില്ല'; ധുരന്ധറിനെതിരെ ബലൂചിസ്ഥാൻ നേതാവ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം 'ധുരന്ധറി'നെതിരെ വിമർശനവുമായി ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച്. ചിത്രം ബലൂചിസ്ഥാനിലെ 'ദേശസ്‌നേഹികളായ' ആളുകളെ തെറ്റായി ചിത്രീകരിച്ചുവെന്ന് മിർ പറഞ്ഞു. രൺവീർ സിങ്ങിന്റെ ഏറ്റവും പുതിയ സിനിമയിൽ വലിയ നിരാശയാണ് മിർ പ്രകടിപ്പിച്ചത്. ബലൂചിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം 'ധുരന്ധർ' മോശമായി ചിത്രീകരിച്ചുവെന്നും മിർ വിമർശനം ഉന്നയിച്ചു.

നടൻ ഡാനിഷ് പണ്ടോർ അവതരിപ്പിച്ച ഉസൈർ ബലൂചിന്റെ (ഇപ്പോൾ ജയിലിൽ) കഥാപാത്രമാണ് വിമർശനത്തിനും ചർച്ചയ്ക്കും ഇടയാക്കിയത്. ലിയായിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) യെ പിന്തുണയ്ക്കുന്ന ലിയാരി മോബ്സ്റ്ററായിരുന്നു ഉസൈർ ബലൂച്ച്. നേതാവായി ബലൂച് നേതാക്കൾ ഒരിക്കലും അയാളെ കരുതിയിരുന്നില്ല. അതേസമയം പാകിസ്ഥാൻ അദ്ദേഹത്തെ ഇന്ത്യയ്ക്കും ഇറാനും രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തിയെന്നു മുദ്രകുത്തി.

ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച്

26/11 മുംബൈ ഭീകരാക്രമണത്തിന്റെ ചിത്രത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് മിർ പങ്കിട്ടു. അതിൽ അർജുൻ രാംപാലിന്റെയും അക്ഷയ് ഖന്നയുടെയും കഥാപാത്രങ്ങൾ മുംബൈ ആക്രമണത്തിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ ആഘോഷിക്കുന്നതായി കാണിക്കുന്നു. ബലൂചിസ്ഥാൻ ഒരിക്കലും തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല. സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ജനത ഒരിക്കലും മുംബൈ ആക്രമണം ആഘോഷിച്ചിട്ടില്ല. പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന തീവ്രവാദത്തിന്റെ ഇരകളാണ് ബലൂച് ജനതയെന്നും മിർ പറഞ്ഞു.

'ധുരന്ധറി'ൽ അർജുൻ രാംപാൽ

'ബലൂച്ച് മതപ്രേരിതമല്ല. അവർ ഒരിക്കലും തീവ്രവാദ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടില്ല. ഇന്ത്യക്കെതിരേ പ്രവർത്തിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനകളുമായി ഒരിക്കലും സഹകരിച്ചിട്ടില്ല.' ബലൂചിസ്ഥാൻ സ്വാതന്ത്ര്യ സമരസേനാനികളോട് ഈ ചിത്രം നീതി പുലർത്തിയില്ലെന്നും മിർ കൂട്ടിച്ചേർത്തു. ബലൂച് സ്വാതന്ത്ര്യ സമരസേനാനികൾക്കു മതിയായ ആയുധമില്ല. ആയുധശേഷി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ പാക് സേനയെ പരാജയപ്പെടുത്തുമായിരുന്നു. വ്യാജ കറൻസികൾ അച്ചടിച്ചിരുന്നുവെങ്കിൽ ബലൂചിൽ ദാരിദ്ര്യമുണ്ടാകുമായിരുന്നില്ല. മയക്കുമരുന്ന്, വ്യാജ കറൻസി, ആയുധക്കടത്ത് തുടങ്ങിയവ ചെയ്യുന്നത് പാക്കിസ്ഥാൻ ആണ്. ഐഎസ്‌ഐയുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്യുന്നത്-ബലൂചിസ്ഥാൻ നേതാവ് പറഞ്ഞു.