ഹിന്ദി സിനിമാ ലോകം മികച്ച പ്രതിഭകളെ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പാഴാക്കിക്കളയുന്നുവെന്ന് തുറന്നടിച്ച് പ്രശസ്ത താരം മനോജ് ബാജ്പേയി. തങ്ങളുടെ കഴിവിന് അനുസൃതമായ വേഷങ്ങള്‍ നല്‍കാതെ ഒരേതരം കഥാപാത്രങ്ങളില്‍ മാത്രം അഭിനേതാക്കളെ തളച്ചിടുന്നത് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് ചിത്രമായ 'ഗജബ് രാത്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് താരം ബോളിവുഡിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് സംസാരിച്ചത്.
വര്‍ഷങ്ങളായി സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിച്ചിട്ടും തന്റെ സ്വന്തം അഭിനയശേഷിയുടെ 25 ശതമാനം മാത്രമേ ഇതുവരെ സംവിധായകര്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്ന് മനോജ് ബാജ്പേയി പറഞ്ഞു. അഭിനേതാക്കളെ ഒരേ ഫ്രെയിമില്‍ ഒതുക്കുന്നത് അവരുടെ കഴിവിനെ ഇല്ലാതാക്കുമെന്നും, മികച്ച പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാതെ അവരെ തഴയുന്ന ദുഷ്പേര് ബോളിവുഡിന് എക്കാലത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള പലരും ശരിയായ അംഗീകാരം ലഭിക്കാതെ വിസ്മൃതിയിലായിപ്പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് സിനിമാമേഖലയില്‍ വലിയൊരു മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു. പണ്ട് അര്‍ഹമായ പരിഗണന ലഭിക്കാത്ത അഭിനേതാക്കള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഇന്ന് ഒടിടി മികച്ച അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനോജ് ബാജ്പേയിക്കൊപ്പം നുസ്രത്ത് ഭറൂച്ച, സാഖിബ് സലീം, അക്ഷയ് ഒബ്റോയ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഗജബ് രാത്' നിലവില്‍ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്.