ബി ടൗൺ സൂപ്പർസ്റ്റാർ സൽമാൻ ഖാൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ വാർ ഡ്രാമ 'മാതൃഭൂമി-മേ വാര് റെസ്റ്റ് ഇന് പീസ്' സെൻസർ ബോർഡിന്റെ പരിശോധനയ്ക്കായി ഒരുങ്ങുന്നു. ചിത്രത്തിൽ ഇന്ത്യ-ചൈന ബന്ധത്തെ കൂടുതൽ നയതന്ത്രപരമായും പോസിറ്റീവായും ചിത്രീകരിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ഇപ്പോൾ കേന്ദ്ര സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
2020-ലെ ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ ആസ്പദമാക്കി അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രം തുടക്കത്തിൽ 'ബാറ്റിൽ ഓഫ് ഗൽവാൻ' എന്ന പേരിലാണ് പ്രഖ്യാപിക്കപ്പെട്ടത്. 2026 ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ആദ്യ ടീസറിലെ ചൈന വിരുദ്ധ നിലപാടുകളോടു ചില കേന്ദ്രങ്ങളിൽ നിന്ന് വിയോജിപ്പുകൾ ഉയർന്നതിനെത്തുടർന്ന് നിർമാതാക്കൾ റിലീസ് നീട്ടിവെക്കുകയായിരുന്നു.
തുടർന്ന് ചിത്രത്തിൽ ഏകദേശം 40 ശതമാനത്തോളം ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അതിർത്തി തർക്കങ്ങൾ കേന്ദ്രീകരിക്കുന്നതിനേക്കാൾ ഉപരി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെയും സമാധാന ശ്രമങ്ങളെയും എടുത്തുകാണിക്കുന്ന രീതിയിലേക്ക് ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് വിവരങ്ങൾ. ഇതിനുശേഷമാണ് ചിത്രത്തിന്റെ പേര് 'മാതൃഭൂമി-മേ വാര് റെസ്റ്റ് ഇന് പീസ്' എന്ന് മാറ്റിയത്.
ചിത്രം സെൻസറിന് സമർപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതുവരെ ഫൈനൽ കട്ട് പൂർത്തിയാക്കി സെൻസറിന് സമർപ്പിച്ചിട്ടില്ല.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്ന് ചിത്രത്തിന് എൻഒസി ലഭിച്ചിട്ടുണ്ട്. തുടർന്ന് ഈ ആഴ്ച തന്നെ ചിത്രം സെൻസർ ബോർഡ് അംഗങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. സെൻസർ ബോർഡിന്റെ ക്ലിയറൻസ് ലഭിച്ചാൽ ഉടൻ തന്നെ ഔദ്യോഗിക റിലീസ് തിയതി നിർമാതാക്കൾ പ്രഖ്യാപിക്കും. ദീപാവലി അല്ലെങ്കിൽ ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് സൽമാൻ ഖാൻ ഫിലിംസ് ലക്ഷ്യമിടുന്നത്.