'മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ്' പോസ്റ്റർ  കടപ്പാട്-ഐഎംഡിബി
Bollywood

'സെൻസർ ബോര്‍ഡുമായി പ്രശ്‌നങ്ങളില്ല'; വിശദീകരണവുമായി സല്‍മാന്‍ ഖാന്‍ ഫിലിംസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ 'മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ്' എന്ന പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡ് അനുമതിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അണിയറപ്രവര്‍ത്തകര്‍. ഇത്തരം പ്രചാരണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് സല്‍മാന്‍ ഖാന്‍ ഫിലിംസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ചിത്രം ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചിട്ടുപോലുമില്ലെന്നും, അതിനാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് നിര്‍മാണക്കമ്പനി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

'ചിത്രം സിബിഎഫ്‌സി മുന്‍പാകെ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍, ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന തടസങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഇത്തരം സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ഔദ്യോഗിക പേജുകളിലൂടെ മാത്രമേ പുറത്തുവിടുകയുള്ളൂ.'- നിർമാണക്കമ്പനി പ്രസ്താവനയില്‍ പറഞ്ഞു

'മാതൃഭൂമി'യിലെ മേം ​ഹൂം എന്ന ​ഗാനത്തിൽ നിന്ന്

സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച് അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാതൃഭൂമി'. ചിത്രത്തില്‍ ചിത്രാംഗദ സിങ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2020-ല്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 'ബാറ്റില്‍ ഓഫ് ഗല്‍വാന്‍' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് 'മാതൃഭൂമി' എന്ന് മാറ്റുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവെക്കുകയായിരുന്നു. പുതിയ റിലീസ് തിയതി നിര്‍മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കും.