ഡോ. മിക്കി ധമേജാനി,മിക്കി കുട്ടിക്കാലത്ത് ഹൃത്വിക് റോഷനൊപ്പം ഫോട്ടോ-അറേഞ്ച്ഡ്
Bollywood

വെള്ളിത്തിരയിലെ 'ജൂനിയര്‍ ക്രിഷ്' ഇപ്പോൾ കണ്ണുകള്‍ക്ക് കാവലായ സൂപ്പര്‍ ഹീറോ!

പപ്പപ്പ ഡസ്‌ക്‌

2006-ല്‍ പുറത്തിറങ്ങിയ 'ക്രിഷ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ ബാലനെ ആരും മറന്നിട്ടുണ്ടാകില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, ആ ബാലന്‍ വാര്‍ത്തകളില്‍ നിറയുന്നത് സിനിമയുടെ ഗ്ലാമര്‍ ലോകത്തല്ല, മറിച്ച് വെള്ളക്കോട്ടണിഞ്ഞ ഒരു ഡോക്ടറുടെ റോളിലാണ്, മിക്കി എന്ന ആ കൊച്ചുമിടുക്കന്‍ ഇന്ന് ഡോ. മിക്കി ധമേജാനി ആണ്.

ഹൃത്വിക് റോഷന്റെ 52-ാം ജന്മദിനത്തില്‍ മിക്കി പങ്കുവച്ച ആശംസയാണ് വീണ്ടും മിക്കിയെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. '20 വര്‍ഷം മുമ്പ് അദ്ദേഹം ഒരു ലെഗസി സൃഷ്ടിച്ചു, ഇന്ന് ഞാന്‍ മറ്റൊരു കര്‍മരംഗത്ത് അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു...' എന്നായിരുന്നു മിക്കിയുടെ വാക്കുകള്‍. ക്രിഷിന് പുറമെ ഷാഹിദ് കപൂറിന്റെ 'ഇഷ്‌ക് വിഷ്‌ക്', ഹോളിവുഡ് ചിത്രം 'ഈറ്റ് പ്രെ ലവ്' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച മിക്കി, തന്റെ കരിയറില്‍ പെട്ടെന്നൊരു മാറ്റം കൊണ്ടുവരികയായിരുന്നു. അഭിനയത്തിന്റെ ലോകത്തുനിന്നും വൈദ്യശാസ്ത്രത്തിന്റെ ലോകത്തേക്ക് അദ്ദേഹം ചുവടുമാറ്റി.

മുംബൈയിലെ എംജിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ മിക്കി, തുടര്‍ന്ന് മുസാഫര്‍നഗര്‍ മെഡിക്കല്‍ കോളജില്‍ ഉപരിപഠനം നടത്തി. വെറുമൊരു ഡോക്ടറാവുക മാത്രമല്ല, എഡിന്‍ബര്‍ഗിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സില്‍ നിന്ന് ഒഫ്താല്‍മോളജിയില്‍ വൈദഗ്ധ്യവും നേടി അദ്ദേഹം ഒരു മികച്ച നേത്ര സര്‍ജനായി മാറി.

ഡോ. മിക്കി ധമേജാനി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

'നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ!'

തന്റെ ക്ലിനിക്കില്‍ എത്തുന്ന രോഗികള്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണിതെന്ന് മിക്കി തമാശയായി പറയുന്നു. 'അതെ, നിങ്ങള്‍ എന്നെ മുന്‍പ് കണ്ടിട്ടുണ്ട്' എന്ന് തുടങ്ങുന്ന ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ അദ്ദേഹം തന്റെ സിനിമാ ജീവിതവും ഇന്നത്തെ പ്രൊഫഷനും തമ്മിലുള്ള ബന്ധം പങ്കുവെച്ചു. 'മുന്‍പ് ജൂനിയര്‍ ക്രിഷായി നിങ്ങളുടെ ഹൃദയം കീഴടക്കിയെങ്കില്‍, ഇന്ന് നിങ്ങളുടെ കണ്ണിന്റെ കാഴ്ച സംരക്ഷിക്കുന്ന സൂപ്പര്‍ ഹീറോയായി ഞാന്‍ കൂടെയുണ്ട്...' മിക്കി കുറിച്ചു.

ഡോ. മിക്കി ധമേജാനി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

ഒരു വേദിയില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മിക്കിയെ കണ്ടപ്പോള്‍ ഹൃത്വിക് റോഷന്‍ പോലും അമ്പരന്നു പോയി. 'നീ ഇപ്പോള്‍ ഒരു ഡോക്ടറാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്ന് പറഞ്ഞ ഹൃത്വിക്, താന്‍ ഉടന്‍ തന്നെ കണ്ണ് പരിശോധിക്കാന്‍ മിക്കിയുടെ അരികില്‍ വരുമെന്നും തമാശയായി പറയുകയുണ്ടായി.

സിനിമയുടെ തിളക്കമുള്ള ലോകത്തുനിന്ന് ഒരു ഡോക്ടറാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കലയും ശാസ്ത്രവും ഒരുപോലെ തന്റെ ജീവിതത്തില്‍ കൊണ്ടുനടക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോ. മിക്കി ധമേജാനി. പഴയ ജൂനിയര്‍ ക്രിഷ് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ ഹീറോ തന്നെയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ചയുടെ വെളിച്ചം നല്‍കുന്ന ഒരു സൂപ്പര്‍ ഹീറോ!