അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് ചെയ്തിരുന്ന 'ഗുഡ് ഗേൾ' വേഷങ്ങൾ മടുത്തിരുന്നുവെന്ന് ബോളിവുഡ് താരം കൃതി സനോൺ. കരീന കപൂറിന്റെ 'വാട്ട് വുമൺ വാണ്ട്' എന്ന പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കരിയറിൽ വർഷം തോറും തന്റെ കംഫർട്ട് സോണിന് പുറത്തുള്ള വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുൻപ് താരം വ്യക്തമാക്കിയിരുന്നു.
കരിയർ ആരംഭിച്ച നാളുകളിൽ ലഭിച്ചിരുന്ന കഥാപാത്രങ്ങൾ വളരെ പരിമിതമായിരുന്നുവെന്ന് കൃതി പറഞ്ഞു. സിനിമാമേഖലയിൽ വളരെക്കാലമായി സ്ത്രീകളെ പുരുഷന്റെ കാഴ്ചപ്പാടിലൂടെയാണ് കാണാറുള്ളത്. നാണക്കാരിയും മറ്റുള്ളവരാൽ രക്ഷിക്കപ്പെടേണ്ടവളും യാതൊരുവിധ തെറ്റുകളും ചെയ്യാത്തവളുമായ 'കുലസ്ത്രീ' വേഷങ്ങളായിരുന്നു അക്കാലത്ത് നായികമാർക്ക് ലഭിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, അത്തരം വേഷങ്ങൾ ചെയ്യാൻ ഇപ്പോൾ തയ്യാറല്ലെന്നും കൃതി വ്യക്തമാക്കി. സ്വന്തം ജീവിതത്തിലും 'ഗുഡ് ഗേൾ സിൻഡ്രോം' ഉണ്ടായിരുന്നതായി പറഞ്ഞ താരം, ആ മടുപ്പിൽ നിന്നാണ് വ്യത്യസ്തമായ വേഷങ്ങൾക്കായുള്ള അന്വേഷണം തുടങ്ങിയതെന്നും അത് തനിക്ക് ഏറെ ആവേശകരമാണെന്നും വ്യക്തമാക്കിയത്.
സ്ത്രീകൾക്കായി കൂടുതൽ യാഥാർഥ്യബോധമുള്ളതും മനുഷ്യസഹജമായ തെറ്റുകൾ വരുത്താൻ മടിക്കാത്തതുമായ കഥാപാത്രങ്ങൾ എഴുതപ്പെടുന്നു എന്നത് ഏറെ സന്തോഷകരവും ഉന്മേഷദായകവുമാണെന്ന് കൃതി സനോൺ പറഞ്ഞു. 'കോക്ക്ടെയിൽ 2' -വിലാണ് കൃതി ഒടുവിൽ വേഷമിട്ടത്. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ഹൊറർ ചിത്രമാണ് അടുത്തതായി താരത്തിന്റേതായി വരാനിരിക്കുന്നത്.