ബി ടൗണിന്റെ സുല്‍ത്താന്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന ആക്ഷന്‍ ചിത്രം 'കിങ്' തിയേറ്ററുകളിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ചിത്രത്തിന്റെ റിലീസ് കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി നിര്‍മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഡിസംബര്‍ 24-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
റിലീസിന് പത്ത് ദിവസം മുമ്പ്, ഡിസംബര്‍ 14-ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ 61-ാം പിറന്നാള്‍ ദിനത്തില്‍ (നവംബര്‍ രണ്ട്) ചിത്രത്തിലെ ആദ്യ ഗാനം 'തു മില്‍ ജായെ' പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുകോണും ഒരുമിക്കുന്ന ഗാനം വലിയ ശ്രദ്ധ നേടി. ഗാനം പങ്കുവെച്ചുകൊണ്ട് പ്രണയത്തെയും പോരാട്ടങ്ങളെയും കുറിച്ചുള്ള കാവ്യാത്മകമായ കുറിപ്പും ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ്. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍ എന്നിവര്‍ക്കു പുറമെ റാണി മുഖര്‍ജി, അഭയ് വര്‍മ, അര്‍ഷാദ് വാര്‍സി, ജയ്ദീപ് അഹ്ലാവത്, രാഘവ് ജുയാല്‍, അഭിഷേക് ബച്ചന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ എത്തുന്നു.
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കരീന കപുര്‍ ചിത്രത്തില്‍ പ്രത്യേക വേഷത്തില്‍ എത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24-ന് എത്തുന്ന 'കിങ്' ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രങ്ങളിലൊന്നാണ്.