കിയാര അദ്വാനി ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

കിയാരയ്ക്ക് കഷ്ടകാലം;പാൻ ഇന്ത്യൻ ചിത്രങ്ങളെല്ലാം ഫ്ലോപ്പ്

പപ്പപ്പ ഡസ്‌ക്‌

അഭിനയവും ഗ്ലാമറും സ്ക്രീൻ പ്രസൻസും കൊണ്ട് ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായികമാരിൽ ഒരാളായി മാറിയ താരമാണ് കിയാര അദ്വാനി. ബോളിവുഡിൽ കിട്ടിയ തിളക്കം പക്ഷേ മറ്റിടങ്ങളിൽ സ്വന്തമാക്കാൻ കിയാരയ്ക്കായിട്ടില്ല. അടുത്തിടെ ഒന്നിലധികം പാൻ-ഇന്ത്യൻ സിനിമകളിൽ നായികയായെങ്കിലും ഹിറ്റുകൾ അകന്നുതന്നെ നില്കുന്നു.

അടുത്തിടെ കിയാര അദ്വാനി ഭാഗമായ പാൻ-ഇന്ത്യൻ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നേടിയില്ല. രാം ചരൺ നായകനായെത്തിയ ‘ഗെയിം ചേഞ്ചർ’ എന്ന ചിത്രത്തിൽ കിയാരയായിരുന്നു നായിക. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി. ഹൃത്വിക് റോഷനും എൻ.ടി.ആറിനുമൊപ്പം കിയാര പ്രധാന വേഷത്തിലെത്തിയ ‘വാർ 2’ന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ചിത്രത്തിനും പ്രതീക്ഷിച്ച തരത്തിലുള്ള സ്വീകാര്യത നേടാനായില്ല.

‘വാർ 2’ പോസ്റ്ററിൽ കിയാര അദ്വാനി

ഇപ്പോഴിതാ യഷ് നായകനായ ‘ടോക്സിക്’ കൂടി കിയാര അദ്വാനിയുടെ പരാജയപ്പെട്ട പാൻ-ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രത്തിന് എല്ലായിടത്തുനിന്നും നിരാശപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചത്. ടോക്സിക്കിലെ 'തബാഹി' എന്ന ​ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ അതിലെ ചൂടൻ രം​ഗങ്ങളുടെ പേരിൽ കിയാരയ്ക്ക് വലിയ വിമർശനമാണ് നേരിടേണ്ടിവന്നത്. ഒടുവിൽ യഷ് തന്നെ പിന്തുണയുമായെത്തി. ചിത്രം പുറത്തിറങ്ങിയപ്പോൾ ഒരു പോൺ നായികയെപ്പോലെയാണ് കിയാരയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അവരുടെ ആരാധകർ പോലും കുറ്റപ്പെടുത്തിയത്.

'ടോക്സിക്കി'ലെ തബാഹി ​ഗാനത്തിൽ യഷും കിയാര അദ്വാനിയും

എന്നാൽ സ്ക്രീനിലെ പ്രകടനത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. വ്യക്തിപരമായി താരത്തിനെതിരെ വലിയ വിമർശനങ്ങളൊന്നും ഉയർന്നിട്ടില്ല. അഭിനയത്തിലും ഗ്ലാമറിലും കിയാര മികവ് പുലർത്തുന്നുണ്ട്. താരത്തിന്റെ ലുക്കും സ്ക്രീൻ പ്രസൻസും പ്രകടനവുമെല്ലാം ഇപ്പോഴും ശ്രദ്ധ നേടുന്നു.

​'ഗെയിം ചേഞ്ചർ' പോസ്റ്റർ

എങ്കിലും ഈ നേട്ടങ്ങൾക്കിടയിലും നായികയായി ഒരു മികച്ച പാൻ-ഇന്ത്യൻ വിജയം സ്വന്തമാക്കാൻ കിയാരയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. തുടർച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഒരു വലിയ പാൻ-ഇന്ത്യൻ ഹിറ്റ് താരത്തിന് അനിവാര്യമായിരിക്കുകയാണ്.

കിയാര അദ്വാനി

തുടർച്ചയായ തിരിച്ചടികൾ കിയാര അദ്വാനിയുടെ പാൻ-ഇന്ത്യൻ സിനിമാ യാത്രയ്ക്ക് ശാപമായി മാറിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആവശ്യക്കാരേറെയുള്ള നായികയായി തുടരുകയും നിരവധി ഘടകങ്ങൾ കിയാരയ്ക്ക് അനുകൂലമായി നിലനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും, വിവിധ ഭാഷാ വിപണികളിലും ബോക്സ് ഓഫീസിൽ ഒരുപോലെ വിജയം നേടാൻ കഴിയുമെന്ന് തെളിയിക്കാൻ ഒരു ശക്തമായ പാൻ-ഇന്ത്യൻ ഹിറ്റ് താരത്തിന് ആവശ്യമാണ്.