നടന്‍ സഞ്ജയ് ദത്ത് അഭിനയിച്ച 'കെഡി: ദി ഡെവിള്‍' എന്ന ചിത്രത്തിലെ 'സര്‍ക്കേ ചുനര്‍ തേരി സര്‍ക്കേ' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രശസ്ത താരം നോറ ഫത്തേഹി. ഗാനത്തിന്റെ ഉള്ളടക്കത്തിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്ത താരം, ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പിനോ അതിലെ വരികള്‍ക്കോ താനുമായി യാതൊരു ബന്ധവുമില്ലെന്നു തുറന്നുപറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് കന്നഡയിലാണ് താന്‍ ഈ ഗാനരംഗത്തില്‍ അഭിനയിച്ചതെന്നും ഹിന്ദിയിലേക്കു മൊഴിമാറ്റിയപ്പോള്‍ അനുചിതമായ വരികള്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും നോറ വെളിപ്പെടുത്തി. ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിലാണ് പാട്ടിന്റെ കന്നഡ പതിപ്പ് താന്‍ ആദ്യമായി കണ്ടതെന്നും താരം പറഞ്ഞു.
ഹിന്ദി പതിപ്പ് പുറത്തിറങ്ങിയപ്പോള്‍ വലിയ വിവാദമാകുമെന്നു തനിക്ക് ഉറപ്പായിരുന്നു. തന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം ഉള്ളടക്കങ്ങളില്‍നിന്നു നേരത്തെ തന്നെ താന്‍ വിട്ടുനിന്നിരുന്നുവെന്നും ഇതിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ലെന്നും നോറ വ്യക്തമാക്കി. കലാകാരന്മാര്‍ക്കു പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വലിയ നിയന്ത്രണമില്ലെന്നും എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കാരണം അണിയറപ്രവര്‍ത്തകര്‍ക്ക് ആ ഗാനം പിന്‍വലിക്കേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഗാനത്തിലെ അശ്ലീലച്ചുവയുള്ള വരികള്‍ക്കെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, നടി കങ്കണ റണാവത്ത്, ഗായകന്‍ അര്‍മാന്‍ മാലിക് എന്നിവര്‍ രംഗത്തെത്തിയിരുന്നു. പാട്ടിനെതിരെ ഡല്‍ഹി പോലീസ് സൈബര്‍ സെല്ലില്‍ ക്രിമിനല്‍ പരാതി ലഭിച്ചതിനു പിന്നാലെ സെന്‍സര്‍ ബോര്‍ഡിനും പരാതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമയുടെ നിര്‍മാതാക്കളും സംവിധായകരും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് നോറ ഫത്തേഹി ആവശ്യപ്പെട്ടത്. തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്നും വരുംകാലങ്ങളില്‍ ഇത്തരം പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും താരം ആരാധകര്‍ക്ക് ഉറപ്പ് നല്‍കി.