ഒക്ടോബർ 11ന് അമിതാഭ് ബച്ചന് 83 വയസ് തികയുകയാണ്. വീട്ടിലെ സ്വകാര്യ ഒത്തുചേരലിനും ആഘോഷങ്ങൾക്കുശേഷം, ബിഗ് ബി 'കോൻ ബനേഗ ക്രോർപതി' സീസൺ 17 ന് ആതിഥേയത്വം വഹിക്കാനെത്തും. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന അതിഥികളെ ക്ഷണിച്ചുകൊണ്ടാണ് കെബിസിയുടെ സ്പെഷൽ എപ്പിസോഡ്.
ഇന്ത്യൻ വെള്ളിത്തിരയിൽ ഇതിഹാസമായി മാറിയ 'ഷോലെ' ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറും മകനും ബോളിവുഡ് നടനുമായ ഫർഹാൻ അക്തറുമാണ് പ്രത്യേക പതിപ്പിലെ അതിഥികൾ. അമിതാഭ് ബച്ചന്‍റെ കരിയറിലെ പ്രധാനവഴിത്തിരിവുകളിലൊന്നാണ് 'ഷോലെ'. ചിത്രത്തിന്‍റെ 50 വർഷാഘോഷത്തിന്‍റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബച്ചനും കുടുംബവുമായും അക്തറിന് ഊഷ്മളമായ ബന്ധമുണ്ട്. അച്ഛൻ-മകൻ കോമ്പോ കെബിസിയുടെ താരപ്രഭയുള്ള എപ്പിസോഡുകളിലൊന്നായിരിക്കുമെന്ന് അണിയറക്കാർ പറയുന്നു.
കെബിസി സെന്‍ററിലേക്കെത്തിയ ജാവേദും ഫർഹാനും മാധ്യമങ്ങളോടു പ്രതികരിച്ചു: 'ഞങ്ങൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു. അദ്ദേഹത്തിന് എപ്പോഴും നല്ല ആരോഗ്യം ഉണ്ടാകട്ടെ. അദ്ദേഹം ദീർഘായുസോടെ ഇരിക്കെട്ടയെന്നു പ്രാർഥിക്കുന്നു...' ഇരുവരും പറഞ്ഞു. ഷാർപ്പ് ഗ്രേ സ്യൂട്ടും പ്ലെയിൻ വൈറ്റ് ടി-ഷർട്ടുമാണ് ഫർഹാൻ ധരിച്ചിരുന്നത്. ജാവേദ് ചുവന്ന കുർത്തയും കറുത്ത പാന്റും ധരിച്ച് തന്‍റെ ക്ലാസിക് ടച്ചിലാണ് എത്തിയത്.
'കോൻ ബനേഗ ക്രോർപതി'യുടെ സെറ്റിൽ അമിതാഭ് ബച്ചൻ തന്‍റെ ജന്മദിനം ആഘോഷിക്കുന്നത് ഇതാദ്യമായല്ല . 2022 ൽ, ബിഗ് ബിക്ക് 80 വയസു തികഞ്ഞപ്പോൾ, ഭാര്യ ജയ ബച്ചനും മകൻ അഭിഷേക് ബച്ചനും ഷോയിൽ പങ്കുചേർന്നത് ആരാധകർക്ക് ഉത്സവാഘോഷമായിരുന്നു.