‘അനിമൽ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. ചിത്രത്തിന്റെ പേരിൽ ബോളിവുഡിലെ ഒരു വിഭാഗം തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന് അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായകൻ രൺബീർ കപൂറിന് പ്രശംസ ലഭിച്ചപ്പോഴും സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയും ‘അനിമലും’ സിനിമാ മേഖലയിലെ തന്നെ ഒരു വിഭാഗത്തിൽനിന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു.
ഇപ്പോഴിതാ ‘അനിമലും’ സന്ദീപ് റെഡ്ഡി വംഗയും വീണ്ടും ചർച്ചയാകുകയാണ്. ബോളിവുഡിൽ അക്രമത്തിന് അമിത പ്രാധാന്യം നൽകുന്ന സിനിമകളുടെ പ്രവണതയെ ചോദ്യം ചെയ്ത് നടി കരീന കപൂർ രംഗത്തെത്തിയതാണ് പുതിയ ചർച്ചയ്ക്ക് കാരണം. രൺബീർ കപൂറിന്റെ ബന്ധുവായ കരീന, തന്റെ അഭിപ്രായം പറയുന്നതിനിടെ ‘അനിമലി’നെ നേരിട്ട് പരാമർശിക്കുകയും ചെയ്തു
ഒരു വയലൻസ് നിറഞ്ഞ സിനിമ വിജയിച്ചാൽ അതേ ഫോർമുല പിന്തുടരാൻ ബോളിവുഡിലെ മറ്റുള്ളവരും ശ്രമിക്കുന്ന പ്രവണതയുണ്ടെന്നാണ് കരീന പറഞ്ഞത്. 'ഇപ്പോൾ വയലൻസാണ് ട്രെൻഡിങ്... ‘അനിമൽ’ വിജയിച്ചപ്പോൾ എല്ലാവരും വയലൻസ് ചെയ്യാൻ തുടങ്ങി' എന്നായിരുന്നു കരീനയുടെ പ്രതികരണം.
ഈ പ്രവണതയെ ‘ഹേർഡ് മെന്റാലിറ്റി’ എന്നാണ് കരീന വിശേഷിപ്പിച്ചത്. ഫോർമുലകൾക്ക് പിന്നാലെ പോകുന്നതിന് പകരം പ്രേക്ഷകർ യഥാർഥത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് സിനിമാപ്രവർത്തകർ മനസ്സിലാക്കണമെന്നും താരം അഭിപ്രായപ്പെട്ടു.
അതേസമയം, ‘അനിമൽ’ ബോക്സ് ഓഫീസിൽ നേടിയ വൻ വിജയം അവഗണിക്കാനാകാത്തതാണ്. ചിത്രത്തിന്റെ സ്വാധീനം ബോളിവുഡിൽ പ്രകടമായതായും വിലയിരുത്തപ്പെടുന്നു. ‘അനിമലി’ന് ശേഷം അക്രമം, ഇരുണ്ട കഥാപാത്രങ്ങൾ, കൂടുതൽ ആക്രമണാത്മകമായ കഥപറച്ചിൽ എന്നിവയ്ക്ക് ബോളിവുഡിൽ കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
എന്നാൽ ഈ വിഭാഗത്തിൽ എത്തിയ എത്ര സിനിമകൾക്ക് ‘അനിമലി’ന്റേതിന് സമാനമായ വിജയം നേടാനായെന്ന ചോദ്യവും പ്രസക്തമാണ്. ‘അനിമൽ’ നേടിയ വൻ വിജയത്തിന് പിന്നിലെ സന്ദീപ് റെഡ്ഡി വംഗയുടെ മേക്കിങ്ങും വേറിട്ട ശൈലിയും വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
രൺബീർ കപൂറിന് വലിയ ബ്ലോക്ക്ബസ്റ്റർ സമ്മാനിച്ച ചിത്രമെന്ന നിലയിലും ‘അനിമൽ’ ബോളിവുഡിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതേസമയം, ചിത്രത്തെയും സംവിധായകനെയും വിമർശിക്കുന്ന ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് കരീന കപൂറിന്റെ പരാമർശവും ശ്രദ്ധ നേടുന്നത്.