അമിതാഭ് ബച്ചൻ 'കൽക്കി-2' ഷൂട്ടിങ്ങിനിടെ ഫോട്ടോ കടപ്പാട്- tumblr.com/srbachchan
Bollywood

അശ്വത്ഥാമാവും യാസ്‌കിനും നേര്‍ക്കുനേര്‍; 'കല്‍ക്കി 2' ചിത്രീകരണം തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായ 'കല്‍ക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇതാ ആവേശവാര്‍ത്ത. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറിന്റെ ഷൂട്ടിങ് തുടങ്ങി. ലൊക്കേഷനില്‍നിന്നുള്ള, ഇതിഹാസതാരം അമിതാഭ് ബച്ചന്റെയും ഉലകനായകന്‍ കമല്‍ ഹാസന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.

മുംബൈയിലെ തന്റെ വസതിയായ 'ജല്‍സ'യ്ക്ക് മുന്നില്‍ ഞായറാഴ്ചകളില്‍ ആരാധകരെ കാണുന്ന പതിവ് തെറ്റിച്ചാണ് ബിഗ് ബി കല്‍ക്കിയുടെ സെറ്റിലെത്തിയത്. അശ്വത്ഥാമാവായി രൂപാന്തരപ്പെടുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച താരം, തെന്നിന്ത്യയുടെ അഭിമാനം കമല്‍ ഹാസനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും പങ്കുവച്ചു. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒരേ ഫ്രെയിമില്‍ എത്തിയതോടെ ആരാധകരും ആഘോഷത്തിലാണ്. 'കമലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്...' എന്നാണ് സോഷ്യല്‍മീഡിയയിൽ ബച്ചന്‍ കുറിച്ചത്.

അമിതാഭ് ബച്ചൻ 'കൽക്കി-2' ഷൂട്ടിങ്ങിനിടെ

ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് നല്‍കിയ സൂചനകള്‍ പ്രകാരം രണ്ടാം ഭാഗത്തില്‍ കല്‍ക്കിയുടെ ലോകം കൂടുതല്‍ വിശാലമാണ്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തിയ സുപ്രീം യാസ്‌കിന്‍ (കമല്‍ ഹാസന്‍) രണ്ടാം ഭാഗത്തില്‍ മുഴുനീള വില്ലനായി നിറഞ്ഞാടുമെന്നാണ് അണിയറക്കാര്‍ പുറത്തുവിടുന്ന സൂചനകള്‍.

'കൽക്കി-2' സെറ്റിൽ അമിതാഭ് ബച്ചനും കമൽഹാസനും

ചിത്രത്തിന്റെ ഏകദേശം 35 ശതമാനം ഷൂട്ടിങ് ആദ്യ ഭാഗത്തിനൊപ്പം തന്നെ പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 2024 ജൂണ്‍ 27-ന് റിലീസ് ചെയ്ത 'കല്‍ക്കി 2898 എഡി' ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമാണ് നേടിയത്.

അമിതാഭ് ബച്ചൻ 'കൽക്കി-2' ഷൂട്ടിങ്ങിനിടെ

പ്രഭാസിന്റെ ഭൈരവയും അശ്വത്ഥാമാവും തമ്മിലുള്ള പോരാട്ടവും അവസാന നിമിഷം വെളിപ്പെടുത്തിയ കര്‍ണന്റെ ഐഡന്റിറ്റിയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ കര്‍ണനും അശ്വത്ഥാമാവും സുപ്രീം യാസ്‌കിനെതിരെ എങ്ങനെ പോരാടും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെഗാ ബജറ്റില്‍ ഒരുങ്ങുന്ന പ്രഭാസ് ചിത്രം ഇന്ത്യന്‍ സിനിമയിലെ സാങ്കേതികമികവിന്റെ ചരിത്രം രചിക്കുമെന്നാണ് റിപ്പോര്‍ട്ട്.