ജാൻവി കപുർ-വരുൺ ധവാൻ കോംബോയിൽ ഒരുങ്ങുന്ന 'സണ്ണി സംസ്കാരി കി തുളസി കുമാരി' എന്ന ചിത്രത്തിന്റെ ടീസർ ഏറ്റെടുത്ത് ആരാധകർ. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ, ശശാങ്ക് ഖൈത്താനാണ് ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. സാന്യ മൽഹോത്ര, രോഹിത് സറഫ്, മനീഷ് പോൾ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ അഭിനയിക്കുന്നു.
രസകരമായ ഫാമിലി ഡ്രാമയാണ് ചിത്രം. ഹൃദയസുരഭിലമായ, പ്രണയനിമിഷങ്ങളുടെ ടീസർ ആണ് പുറത്തുവന്നിട്ടുള്ളത്. 52 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ പ്രമുഖതാരങ്ങളും വന്നുപോകുന്നു. ജാൻവി കപുറും വരുൺ ധവാനും തമ്മിലുള്ള രസകരമായ സംഭാഷണത്തോടെയാണ് ടീസർ അവസാനിക്കുന്നത്. താൻ ഒരു നൈറ്റ്ക്ലബിൽ പോയിട്ടുണ്ടെന്ന് ജാൻവി അയാളെ ബോധ്യപ്പെടുത്താൻ അവൾ ശ്രമിക്കുന്നതാണ് അത്.
വരുൺ ധവാന്റെ റൊമാന്റിക് കോമഡി ഫാമിലി ഡ്രാമക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഏകദേശം പത്തു വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു റൊമാന്റിക് കോമഡി കാണുന്നത് സന്തോഷകരമെന്ന് ടീസർ കണ്ടവർ പ്രതികരിക്കുന്നു. കരൺ ജോഹർ, അപൂർവ മേത്ത, അഡാർ പുനവല്ല, ശശാങ്ക് ഖൈതാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഒക്ടോബർ 2 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.