'ജയ് സോമനാഥ്'പ്രൊമോ വീഡിയോയിൽ നിന്ന്,സഞ്ജയ് ലീല ബൻസാലി അറേഞ്ച്ഡ്
Bollywood

'ക്ഷേത്രം തകർക്കാം,വിശ്വാസം തകർക്കാനാകില്ല':സോമനാഥകഥയുമായി ബൻസാലിയും കേതൻമേത്തയും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ അതുല്യപ്രതിഭകളായ സഞ്ജയ് ലീല ബന്‍സാലിയും കേതന്‍ മേത്തയും ഒന്നിക്കുന്ന മറ്റൊരു തിരവിസ്മയം ഒരുങ്ങുന്നു. സോമനാഥ ക്ഷേത്രത്തിന്റെ ചരിത്രവും അതിജീവനവും പ്രമേയമാക്കി ഒരുക്കുന്ന 'ജയ് സോമനാഥ്' എന്ന ബ്രഹ്‌മാണ്ഡ ചിത്രം 2027ല്‍ തിയേറ്ററുകളിലെത്തും.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിനുനേരെ എഡി 1025-26 കാലഘട്ടത്തില്‍ നടന്ന ആക്രമണവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹ്‌മൂദ് ഗസ്‌നിയുടെ അധിനിവേശത്തിന്റെ ആയിരം വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍, ചരിത്രപരമായ വലിയ ദൗത്യവുമായാണു ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

കേതൻ മേത്ത

ദൃശ്യവിസ്മയങ്ങളുടെ തമ്പുരാന്‍ സഞ്ജയ് ലീല ബന്‍സാലിയും ചരിത്ര സിനിമകളുടെ മാസ്റ്റര്‍ കേതന്‍ മേത്തയും ആദ്യമായി കൈകോര്‍ക്കുന്നുവെന്ന പ്രത്യകേതയും ചിത്രത്തിനുണ്ട്. വൈദേശിക ആക്രമണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കിടയിലും തകരാതെ നിന്ന ഭാരതീയ വിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും കഥയാണ് 'ജയ് സോമനാഥ്' പറയുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സും മായ മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കേതന്‍ മേത്ത തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

'ക്ഷേത്രം തകര്‍ക്കാം, വിശ്വാസം തകർക്കാനാകില്ല...' ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ബന്‍സാലി പ്രൊഡക്ഷന്‍സ് പങ്കുവച്ച കുറിപ്പ് സിനിമയുടെ ആത്മാവ് വെളിപ്പെടുത്തുന്നു. വിനാശത്തിനുമേല്‍ സൃഷ്ടി നേടിയ വിജയമാണ് സോമനാഥത്തിന്റെ ചരിത്രം. നൂറ്റാണ്ടുകളോളം നീണ്ട വിദേശ ആക്രമണങ്ങളെ അതിജീവിച്ച് ഓരോ തവണയും പടുത്തുയര്‍ത്തപ്പെട്ട സോമനാഥ ക്ഷേത്രം ഇന്ത്യയുടെ തളരാത്ത വീര്യത്തിന്റെ അടയാളമാണ്.

'ക്ഷേത്രം തകര്‍ക്കാം, വിശ്വാസം തകർക്കാനാകില്ല. സഞ്ജയ് ലീല ബന്‍സാലി അവതരിപ്പിക്കുന്നു - ജയ് സോമനാഥ്. സംവിധാനം - കേതന്‍ മേത്ത. 2027-ല്‍ ലോകമെമ്പാടും തിയറ്ററുകളിലേക്ക്.'

ബന്‍സാലിയുടെ സിനിമകളില്‍ കാണാറുള്ള ഗാംഭീര്യവും കേതന്‍ മേത്തയുടെ ആഴത്തിലുള്ള ഗവേഷണവും ചേരുമ്പോള്‍ 'ജയ് സോമനാഥ്' വെറും ചരിത്ര സിനിമയല്ല, മറിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യാനുഭവങ്ങളില്‍ ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. 2027-ല്‍ വെള്ളിത്തിരയിലെ ഇതിഹാസത്തിനായി കാത്തിരിക്കാം.