

ഭക്തിയുടെയും സംഗീതത്തിന്റെയും ലഹരിയായി മലയാളിമനസുകൾ കീഴടക്കിയ നന്ദഗോവിന്ദം ഭജൻസിലെ നവീൻ മോഹന് ഇത് സ്വപ്നസാക്ഷാത്കാരം. മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷത്തിലാണ് നവീൻ. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ നവീൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പതിവുപോലെ അതീവ സുന്ദരനായും സ്റ്റൈലിഷ് ലുക്കിലുമാണ് ചിത്രങ്ങളിൽ മമ്മൂട്ടിയുള്ളത്. നവീന്റെ ജീവിതത്തിലെ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ നേരിട്ടുകാണുക എന്നത്. 'സ്വപ്ന സാക്ഷാത്കാരം,മമ്മൂക്കയോടൊത്തുള്ള നിമിഷങ്ങൾ' എന്ന ലളിതമായ വാക്കുകളിലൂടെയാണ് നവീൻ തന്റെ ഹൃദയം നിറഞ്ഞ സന്തോഷം കുറിച്ചത്.
ചിത്രം പുറത്തുവന്ന നിമിഷം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നന്ദഗോവിന്ദം ഭജൻസിന്റെയും മമ്മൂട്ടിയുടെയും ആരാധകർ ഒരുപോലെ ഈ അപൂർവസംഗമത്തെ ഏറ്റെടുത്തു. സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് നവീന്റെ ഈ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
വലിയ ആരാധകവൃന്ദമുള്ള സംഗീതസംഘമാണ് നന്ദഗോവിന്ദം ഭജൻസ്. കോട്ടയം നട്ടാശേരി സ്വദേശിയായ നവീൻ മോഹൻ ഇതിന്റെ മുഖ്യഗായകനും സഹസ്ഥാപകനുമാണ്. ലളിതമായ രീതിയിൽ തുടങ്ങിയ ഭജനസംഘം ഇന്നു ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ തരംഗമായി മാറിയതിന് പിന്നിൽ വലിയൊരു അധ്വാനത്തിന്റെ കഥയുണ്ട്. 2000-ൽ കോട്ടയം വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക ഭജനസംഘമായാണ് തുടക്കം. 2001-ൽ ശ്രീദുർഗ ഭജനസമിതി എന്ന പേരിൽ പ്രവർത്തിച്ചു. 2004-ലാണ് നന്ദഗോവിന്ദം ഭജൻസ് എന്ന പേരു സ്വീകരിക്കുന്നത്.