ബി ടൗണ്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവര്‍ ഒന്നിക്കുന്ന 'ഹേരാ ഫേരി 3'. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 'റാംജിറാവു സ്പീക്കിങ്' എന്ന മലയാളം സിനിമയുടെ റീമേക്കായി പ്രിയൻ ഒരുക്കിയ ഹിന്ദിചിത്രമാണ് 'ഹേരാ ഫേരി'.
പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളാണ് സിനിമയെ പ്രതിസന്ധിയിലാക്കുന്നത്. സിനിമയുടെയും സംഗീതത്തിന്റെയും അവകാശങ്ങള്‍ തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് കേസ് നിലവിലുള്ളത്. 'ഹേരാ ഫേരി 3'യുടെ മ്യൂസിക് റൈറ്റ്സ് തനിക്കാണെന്ന് നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. നിർമാണക്കമ്പനിയായ സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. മലയാളത്തിലെ 'റാംജിറാവു സ്പീക്കിങ്' എന്ന സിനിമ ഹിന്ദിയിലേക്കു മാറ്റാനുള്ള അവകാശം മാത്രമാണ് ഫിറോസ് നദിയദ് വാലയ്ക്ക് ഉണ്ടായിരുന്നതെന്നും, അദ്ദേഹം കരാര്‍ ലംഘിച്ചുവെന്നുമാണ് ഇവരുടെ ആരോപണം.
'ചിലര്‍ സിനിമയില്‍ അവകാശമുണ്ടെന്ന് പറയുന്നു, മറ്റു ചിലര്‍ സംഗീതത്തിലും അവകാശവാദം ഉന്നയിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സിനിമയുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ വര്‍ഷം എന്തായാലും ഷൂട്ടിങ് തുടങ്ങില്ല'- പ്രിയദര്‍ശന്‍ പറഞ്ഞു.
സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടും നേരത്തെ അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍നിന്ന് പരേഷ് റാവല്‍ പിന്മാറിയതും തുടര്‍ന്ന് അക്ഷയ് കുമാര്‍ അദ്ദേഹത്തിനെതിരെ 25 കോടിയുടെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയും അക്ഷയ് കുമാര്‍ കേസ് പിന്‍വലിക്കുകയും ചെയ്തു. സിനിമയിലോ രാഷ്ട്രീയത്തിലോ ആരും ശാശ്വത ശത്രുക്കളല്ലെന്നും, പരേഷ് റാവലുമായി തനിക്ക് യാതൊരു പിണക്കവുമില്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിചേര്‍ത്തു.
2000-ല്‍ പുറത്തിറങ്ങിയ 'ഹേരാ ഫേരി'യും 2006-ലെ 'ഫിര്‍ ഹേരാ ഫേരി'യും ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളാണ്. വര്‍ഷങ്ങള്‍ക്കു ശേഷം പഴയ മൂവര്‍സംഘം വീണ്ടും ഒന്നിക്കുമ്പോള്‍ അത് വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, നിയമക്കുരുക്കുകള്‍ എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.