ബോളിവുഡ് സിനിമാപ്രേമികളെ ഒന്നടങ്കം നിരാശയിലാഴ്ത്തിക്കൊണ്ട് 'ഹേരാ ഫേരി 3'യുടെ ഭാവി പ്രതിസന്ധിയിലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ മൂന്നാം ഭാഗവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, നിലവിലെ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളും തര്‍ക്കങ്ങളും കാരണം ചിത്രം ഒരിക്കലും വെളിച്ചം കാണാന്‍ സാധ്യതയില്ലെന്നും പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിനെ ഞെട്ടിച്ച ഈ പ്രതികരണം.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ പ്രിയദര്‍ശന്‍ ഒപ്പമില്ലെന്നും നിര്‍മതാവ് ഫിറോസ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഫിറോസ് പറഞ്ഞത് സത്യമാണെന്ന് സ്ഥിരീകരിച്ച പ്രിയദര്‍ശന്‍, താന്‍ ചിത്രത്തിലുണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ സിനിമ ഇനി റിലീസ് ചെയ്യപ്പെടാനുള്ള സാധ്യതകള്‍ മങ്ങിക്കഴിഞ്ഞു എന്നാണ് വ്യക്തമാക്കിയത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റായ 'റാംജി റാവു സ്പീക്കിങ്ങി'ന്റെ റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ചിത്രം പ്രതിസന്ധിയിലാകാന്‍ കാരണം. 1989-ല്‍ പുറത്തിറങ്ങിയ റാംജി റാവുവിന്റെ റീമേക്ക് അവകാശം മാത്രമാണ് ഫിറോസിന് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് 2000-ല്‍ 'ഹേരാ ഫേരി' ഒരുങ്ങുന്നത്.
എന്നാല്‍ രണ്ടാം ഭാഗമായ 'ഫിര്‍ ഹേരാ ഫേരി' നിര്‍മിക്കാന്‍ ഫിറോസിന് അവകാശമില്ല എന്ന് കാണിച്ച് റാംജി റാവുവിന്റെ യഥാര്‍ഥ അവകാശികളായ സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ഇതിന് പുറമെ, മൂന്നാം ഭാഗത്തിന്റെ നിര്‍മാണ അവകാശം അക്ഷയ് കുമാറിന്റെ കമ്പനിക്ക് കൈമാറിയതിനെതിരെയും കോടതിയില്‍ ഹര്‍ജിയുണ്ട്.
ഈ വര്‍ഷം ആദ്യം നടന്‍ പരേഷ് റാവല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതും പിന്നീട് തിരിച്ചെത്തിയതും വലിയ വാര്‍ത്തയായിരുന്നു. ആ പ്രതിസന്ധി ഒഴിഞ്ഞതിന് പിന്നാലെയാണ് സിനിമയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്ന നിയമക്കുരുക്കുകളെക്കുറിച്ച് പ്രിയദര്‍ശന്‍ മനസു തുറന്നിരിക്കുന്നത്. ഇതോടെ രാജുവും ശ്യാമും ബാബുറാവുവും വീണ്ടുമെത്തുന്നതും കാത്തിരുന്ന ആരാധകര്‍ നിരാശയിലാണ്.