ഹേമമാലിനി,ദീപിക പദുകോൺ ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Bollywood

'എന്റെ ബയോപിക്കില്‍ ദീപിക പദുകോണ്‍ അഭിനയിക്കണം': ആ​ഗ്രഹം തുറന്നുപറഞ്ഞ് ഹേമമാലിനി

പപ്പപ്പ ഡസ്‌ക്‌

തന്റെ ജീവിതകഥ പറയുന്ന സിനിമ വരികയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യയായ താരം ദീപിക പദുകോണ്‍ ആണെന്ന് ഹേമമാലിനി. ഇന്ത്യന്‍ സിനിമയിൽ ഹേമമാലിനിയുടെ 60 വര്‍ഷത്തെ അഭിനയ സപര്യ ആഘോഷിക്കുന്നതിനായി മുംബൈയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട 'ഡ്രീം ഗേള്‍' മനസുതുറന്നത്.

ഭാവിയില്‍ ഒരു ബയോപിക് ഒരുങ്ങുകയാണെങ്കില്‍ ആരെയാണ് നായികയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്വപ്‌നസുന്ദരി: 'ദീപികയ്ക്ക് താത്പര്യമുണ്ടെങ്കില്‍ അവള്‍ക്കത് ചെയ്യാം. ആര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ് അത്. എങ്കിലും ദീപിക അതീവ സുന്ദരിയും പ്രതിഭാശാലിയുമായ പെണ്‍കുട്ടിയാണ്...'

ഇന്ത്യൻസിനിമയ്ക്ക് നല്കിയ അതുല്യസംഭാവനകൾക്കുള്ള ഐഐഎഫ്എ പുരസ്കാരം 2024-ൽ അബുദാബിയിൽ നടന്ന ചടങ്ങിൽ ഹേമമാലിനി ഏറ്റുവാങ്ങിയപ്പോൾ

ഹേമമാലിനിയും ദീപിക പദുകോണും തമ്മില്‍ വര്‍ഷങ്ങളായുള്ള ആത്മബന്ധമുണ്ട്. 2017-ല്‍ പുറത്തിറങ്ങിയ ഹേമമാലിനിയുടെ ജീവചരിത്ര പുസ്തകം 'ബിയോണ്ട് ദി ഡ്രീം ഗേള്‍' പ്രകാശനം ചെയ്യാന്‍ അവര്‍ തിരഞ്ഞെടുത്തത് ദീപികയെയായിരുന്നു. കൂടാതെ, ദീപികയുടെ കരിയറിലെ വലിയ ബ്രേക്കായ ആദ്യ ചിത്രം 'ഓം ശാന്തി ഓം' (2007) എന്ന സിനിമയിലെ ദീപികയുടെ കഥാപാത്രമായ 'ശാന്തിപ്രിയ', ഹേമമാലിനിയുടെ പഴയകാല ലുക്കുകളില്‍ നിന്നും അവരുടെ പ്രശസ്തമായ 'ഡ്രീം ഗേള്‍' ഇമേജില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ചതായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ദീപിക പദുകോൺ

60 വര്‍ഷത്തെ സിനിമാജീവിതം പിന്നിടുമ്പോഴും ഇന്ത്യന്‍ ചലച്ചിത്രലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹേമമാലിനിയുടെ ബയോപിക് എന്നെങ്കിലും യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ദീപിക നായികയായി എത്തുന്നത് കാണാന്‍ ആരാധകരും ഏറെ ആവേശത്തോടെയായിരിക്കും കാത്തിരിക്കുക.