

ഇന്ത്യയുടെ സ്വപ്‌നസുന്ദരി, ബോളിവുഡ് ഇതിഹാസനടി ഹേമമാലിനിയുടെ പിറന്നാള്‍ ദിനത്തില്‍ മകള്‍ ഇഷ ഡിയോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ആശംസാക്കുറിപ്പും ഏറ്റെടുത്ത് ആരാധകര്‍. 77 വയസു തികഞ്ഞ താരത്തിന് ബോളിവുഡിലെ നിരവധി താരങ്ങളും ആശംസകളുമായി എത്തി.
അമ്മ-മകള്‍ ബന്ധത്തെ മനോഹരമായി പകര്‍ത്തുന്നതായിരുന്നു ഇഷയുടെ കുറിപ്പ്. രണ്ടു മനോഹരമായ ചിത്രങ്ങളാണ് ഇഷ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ആദ്യത്തേതില്‍, ക്യാമറയ്ക്കു മുന്നില്‍ ഊഷ്മളമായി പുഞ്ചിരിക്കുന്ന അമ്മയെയും മകളെയും കാണാം. പിങ്ക്-വെള്ള നിറത്തിലുള്ള കുര്‍ത്തയാണ് ഇഷയുടെ വേഷം. മനോഹരമായ സാരിയില്‍ ഹേമ മാലിനി തിളങ്ങി.
രണ്ടാമത്തെ ചിത്രവും ഊഷ്മളത നിറഞ്ഞതായിരുന്നു. ഇഷ അമ്മയുടെ കവിളില്‍ ഒരു മധുരചുംബനം നല്‍കുന്നതാണു ചിത്രം. 'എന്റെ രാജ്ഞിക്കും എന്റെ അമ്മയ്ക്കും രാജ്യത്തിന്റെ സ്വപ്നസുന്ദരിക്കും ജന്മദിനാശംസകള്‍... ഞങ്ങള്‍ അമ്മയെ സ്‌നേഹിക്കുന്നു...' എന്നായിരുന്നു ഇഷയുടെ അടിക്കുറിപ്പ്.
നിരവധി സെലിബ്രിറ്റികള്‍ പോസ്റ്റിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. നടി ഷാമ സിക്കന്ദര്‍ 'ഇഷയുടെ അമ്മയ്ക്ക് ജന്മദിനാശംസകള്‍...' എന്ന് കമന്റ് ചെയ്തപ്പോള്‍ നീലം കോത്താരിയും രവീണ ഠാണ്ടനും 'ഹേമാജിക്ക് ജന്മദിനാശംസകള്‍...' എന്ന് എഴുതി. നടി റുഹാനിക ധവാന്‍ 'നമ്മുടെ ഏറ്റവും സുന്ദരിയായ വനിതയ്ക്ക് ജന്മദിനാശംസകള്‍...'എന്നു കുറിച്ചു.
ഇഷ ഡിയോള്‍ എല്ലാ വര്‍ഷവും തന്റെ അമ്മയ്ക്ക് ആശംസ നേരുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം ഹേമ മാലിനിയുടെ 76-ാം ജന്മദിനത്തില്‍, ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഹൃദയസ്പര്‍ശിയായ സന്ദേശവും ഇഷ പോസ്റ്റ് ചെയ്തിരുന്നു. നീല നിറത്തിലുള്ള സ്യൂട്ട് ധരിച്ച ഇഷ, സീ-ഗ്രീന്‍ സാരി ധരിച്ച തന്റെ അമ്മയെ സ്‌നേഹപൂര്‍വം കെട്ടിപ്പിടിക്കുന്നതായിരുന്നു ചിത്രം. 'എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകള്‍. അമ്മയെ ഒരുപാടു സ്‌നേഹിക്കുന്നു...' എന്നായിരുന്നു അടിക്കുറിപ്പ്.
1980ല്‍ വിവാഹിതരായ ഇതിഹാസതാരങ്ങളായ ഹേമമാലിനി-ധര്‍മേന്ദ്ര ദമ്പതികളുടെ മകളാണ് ഇഷ ഡിയോള്‍. ഇവർക്ക് അഹാന ഡിയോള്‍ എന്ന മറ്റൊരു മകള്‍ കൂടിയുണ്ട്.