'ഹൈവാന്‍' ട്രെയിലർ റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
Bollywood

സൈക്കോപാത്തായി അക്ഷയ്, 'ഒപ്പം' കാഴ്ചയില്ലാത്ത സെയ്ഫ്; 'ഹൈവാൻ' ട്രെയിലർ പുറത്ത്

പപ്പപ്പ ഡസ്‌ക്‌

അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഹൈവാന്‍' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 11-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

2008-ല്‍ പുറത്തിറങ്ങിയ 'തഷാന്‍' എന്ന സിനിമയ്ക്കുശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒന്നിക്കുന്നത്. 18 വര്‍ഷത്തിനുശേഷം ഈ കൂട്ടുകെട്ട് പ്രിയദര്‍ശനിലൂടെ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

വളരെ സ്‌റ്റൈലിഷായി തയാറാക്കിയ ട്രെയിലര്‍, കേവലം ഒരു വര്‍ഷത്തിനിടെ ഏഴു കുടുംബങ്ങളെ കൊലപ്പെടുത്തിയ പ്രതികാരദാഹിയായ ഒരു സൈക്കോപാത്ത് കൊലപാതകിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. അക്ഷയ് കുമാറാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസിന് പിടിനല്‍കാതെ തുടരുന്ന ദുരൂഹ കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന കാഴ്ചപരിമിതിയുള്ള നായക കഥാപാത്രമായാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്.

'ഹൈവാന്‍' ട്രെയിലറിൽ സെയ്ഫ് അലിഖാൻ

സംഭാഷണങ്ങള്‍ കുറച്ച്, ദൃശ്യമികവിനും ആക്ഷന്‍ രംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇതിലെ തകര്‍പ്പന്‍ പശ്ചാത്തല സംഗീതവും അക്ഷയ് കുമാറിന്റെ ശബ്ദമാറ്റവും ശ്രദ്ധേയമാണ്. 2016-ല്‍ പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത 'ഒപ്പം' എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് 'ഹൈവാന്‍'.

'ഹൈവാന്‍' ട്രെയിലറിൽ അക്ഷയ്കുമാർ

ബൊമാന്‍ ഇറാനി, ശ്രീയ പില്‍ഗാവോങ്കര്‍, സയാമി ഖേര്‍, രാജ്പാല്‍ യാദവ്, ഷാരിബ് ഹാഷ്മി, മനോജ് ജോഷി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വെങ്കട് കെ. നാരായണ, ഷൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയദർശന്റെ സംവിധാന മികവും സാബു സിറിളിന്റെ പ്രൊഡക്ഷന്‍ ഡിസൈനും പ്രിതമിന്റെ സംഗീതവും ചിത്രത്തിനു മാറ്റുകൂട്ടുന്നു.