ഗള്‍ഫിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പ്രമുഖ ബോളിവുഡ് ചിത്രങ്ങളുടെ വിദേശ ഷെഡ്യൂളുകള്‍ റദ്ദാക്കി. ഷാരൂഖ് ഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കിങ്', അക്ഷയ് കുമാറിന്റെ 'വെല്‍ക്കം ടു ദ് ജംഗിള്‍' എന്നീ സിനിമകളുടെ ദുബായ് ഷൂട്ടിങ്ങാണ് സുരക്ഷാ കാരണങ്ങളാല്‍ ഒഴിവാക്കിയത്. ഏപ്രില്‍ 9-ന് ദുബായിയില്‍ ആരംഭിക്കേണ്ടിയിരുന്ന ഷൂട്ടിങ് മുംബൈയിലേക്കു മാറ്റാനാണു നിര്‍മാതാക്കളുടെ തീരുമാനം.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രത്തിനുവേണ്ടി ദുബായില്‍ ചിത്രീകരിക്കാനിരുന്ന പ്രധാനരംഗങ്ങള്‍ മുംബൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാനാണ് തീരുമാനം. താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ നീക്കം. കൂടാതെ, താരങ്ങളുടെ ഡേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങളും വിദേശ ഷൂട്ടിംഗ് ഒഴിവാക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'കിങ്ങി'നുണ്ട്.
അക്ഷയ് കുമാര്‍ ചിത്രം 'വെല്‍ക്കം ടു ദ് ജംഗിളി'ന്റെ അവസ്ഥയും സമാനമാണ്. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂള്‍ റദ്ദാക്കി ഷൂട്ടിങ് മുംബൈയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ വിദേശ യാത്രകളും ലോജിസ്റ്റിക്‌സ് സൗകര്യങ്ങളും വെല്ലുവിളിയായതോടെയാണ് ബോളിവുഡ് നിര്‍മാതാക്കള്‍ സുരക്ഷിതമായ ആഭ്യന്തര ലൊക്കേഷനുകള്‍ തെരഞ്ഞെടുക്കുന്നത്.