ഡോൺ 3 ഫാൻമേഡ് പോസ്റ്റർ അറേഞ്ച്ഡ്
Bollywood

സംശയം വേണ്ട,ഡോൺ 3 അടുത്തവർഷം പൂർത്തിയാകും-ഫർഹാൻ അക്തർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മാസങ്ങളായി നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഫര്‍ഹാന്‍ അക്തര്‍. രണ്‍വീര്‍ സിങ് നായകനാകുന്ന 'ഡോണ്‍ 3' അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ബോളിവുഡ് താരം ഫർഹാൻ അക്തർ വെളിപ്പെടുത്തി. പട്ടാളച്ചിത്രം '120 ബഹാദൂറി'ന്റെ പ്രമോഷന്‍ ചടങ്ങിലാണ് താരം 'ഡോണ്‍ 3-'യുടെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചത്. 'അടുത്ത വര്‍ഷം ഞാന്‍ ഡോണ്‍ 3-യുടെ ജോലികള്‍ ആരംഭിക്കും...' ഫര്‍ഹാന്‍ പറഞ്ഞു. 2023 ഓഗസ്റ്റില്‍ രണ്‍വീര്‍ സിങ്ങിനെ പുതിയ ഡോണ്‍ ആയി അവതരിപ്പിച്ച പ്രഖ്യാപന വീഡിയോ മുതല്‍, ഐക്കണിക് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ടീസറില്‍, രണ്‍വീര്‍ ക്യാമറയ്ക്ക് പുറം തിരിഞ്ഞുനിന്ന് സിഗരറ്റ് കത്തിച്ച്, സ്വയം ഡോണ്‍ എന്ന് പരിചയപ്പെടുത്തുന്ന ഡയലോഗ് പറയുന്നു. 2026 ല്‍ നിര്‍മാണം ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചതോടെ, ഫര്‍ഹാനും സംഘവും റീബൂട്ട് ചെയ്ത ഇതിഹാസത്തില്‍ എന്തൊക്കെ വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്കായി കരുതിയിട്ടുണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.

കിയാര അദ്വാനി നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കൃതി സനോണ്‍ രണ്‍വീര്‍ സിങ്ങിന്റെ നായികയായി എത്തുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, അഭിനേതാക്കളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഫര്‍ഹാന്‍ അക്തറിന്റെ 120 ബഹാദൂര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തത്.