ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ സൂപ്പര്‍ഹിറ്റ് ഫ്രാഞ്ചൈസിയായ 'ആവാരപന്‍' നിരയിലെ മൂന്നാം ഭാഗവും അണിയറയിലൊരുങ്ങുന്നു. പുതിയ ചിത്രമായ 'ആവാരപന്‍ 2'വിന്റെ പ്രചാരണാര്‍ഥം നടി ദിഷ പഠാനിക്കൊപ്പം മുംബൈയിലെ തിയേറ്റര്‍ സന്ദര്‍ശിക്കവേയാണ് ഇമ്രാന്‍ ഹാഷ്മി 'ആവാരപന്‍ 3'യെക്കുറിച്ചുള്ള സൂചന പ്രേക്ഷകരുമായി പങ്കുവെച്ചത്.
ചിത്രത്തിന്റെ ഇന്റര്‍വെല്‍ സമയത്ത് തിയേറ്ററിലെത്തിയ താരം പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.'ഈ സിനിമ നിര്‍മാതാക്കളുടേതിനേക്കാള്‍ ആരാധകരുടേതാണ്. അതുകൊണ്ടാണ് കൂടുതല്‍ ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളുമായി ഞങ്ങള്‍ വീണ്ടുമെത്തിയത്. ചിത്രം മുഴുവന്‍ നിങ്ങള്‍ ആസ്വദിക്കുമെന്നും തൊട്ടുപിന്നാലെ 'ആവാരപന്‍ 3'മായി എത്താന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു'-ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.
തിയേറ്ററുകളില്‍ മികച്ച ചലനമാണ് 'ആവാരപന്‍ 2' സൃഷ്ടിക്കുന്നത്. റിലീസ് ദിനത്തില്‍ 23.40 കോടി രൂപ നേടാന്‍ ചിത്രത്തിന് സാധിച്ചു. ഇമ്രാന്‍ ഹാഷ്മിയുടെ സോളോ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങാണിത്. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത് വിശേഷ് ഭട്ട് നിര്‍മിച്ച ചിത്രത്തില്‍ ശിവം പണ്ഡിറ്റ് എന്ന കഥാപാത്രമായിട്ടാണ് ഇമ്രാന്‍ തിരിച്ചെത്തുന്നത്. ദിഷ പഠാനി, ശബാന ആസ്മി, സുവിന്ദര്‍ വിക്കി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
2007-ല്‍ മോഹിത് സൂരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ആവാരപന്‍' തിയേറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും പിന്നീട് ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്ലാസിക് ചിത്രമായി മാറിയിരുന്നു.