ബോളിവുഡ് സൂപ്പർ സ്റ്റാർ അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തുന്ന ഹിറ്റ് ത്രില്ലർ ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ 'ദൃശ്യം: ദി കൺക്ലൂഷൻ' ട്രെയിലർ പുറത്തിറങ്ങി. ജീത്തു ജോസഫ് മലയാളത്തിലൊരുക്കിയ 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗമാണിത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും.
മലയാളത്തിലെ ജോർജുകുട്ടി ഹിന്ദിയിൽ വിജയ് സാൽഗോങ്കറാണ്. വിജയ്യെയും കുടുംബത്തെയും വലയിലാക്കാൻ പുതിയ തന്ത്രങ്ങളുമായി എത്തുന്ന ക്രൈംബ്രാഞ്ച് എസ്.പി രാജ്വീർ സിങ് തോമറായി ജയ്ദീപ് അഹ്ലാവത് ചിത്രത്തിൽ എത്തുന്നുണ്ട്. ഈ കഥാപാത്രമായിരിക്കും മൂന്നാംഭാഗത്തെ ശ്രദ്ധേയമാക്കുക എന്ന സൂചനയാണ് ട്രെയിലർ തരുന്നത്.
മുൻ ഭാഗങ്ങളിലെ പോലെ തബു (മീര ദേശ്മുഖ്), ശ്രിയ ശരൺ (നന്ദിനി), രജത് കപുർ, ഇഷിത ദത്ത, മൃണാൾ യാദവ് തുടങ്ങിയവർക്കൊപ്പം പ്രകാശ് രാജും പ്രധാന വേഷത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ മൂന്നാംഭാഗത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഹിന്ദിയിലേത്. ആദ്യം ഷൂട്ടിങ് തുടങ്ങിയതും ഹിന്ദിപതിപ്പ് ആയിരുന്നു. തുടർന്നാണ് മലയാളം ചിത്രീകരണം തുടങ്ങിയത്. മലയാളം മൂന്നാംഭാഗം തിയേറ്ററുകളിൽ വൻവിജയമായിരുന്നെങ്കിലും ഒടിടി സ്ട്രീമിങ്ങിനുശേഷം സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയർന്നത്. ഹിന്ദി ട്രെയിലർ പുറത്തിറങ്ങിയതോടെ മലയാളവുമായുള്ള താരതമ്യവും സോഷ്യൽമീഡിയയിൽ സജീവമായിട്ടുണ്ട്.
മകന്റെ കൊലപാതകത്തിനു നീതിയല്ല, മറിച്ച് പ്രതികാരമാണു തനിക്കു വേണ്ടതെന്ന് തബുവിന്റെ കഥാപാത്രം ട്രെയിലറിൽ വ്യക്തമാക്കുന്നുണ്ട്. പഴയ രഹസ്യങ്ങളും പുതിയ അന്വേഷണ ഉദ്യോഗസ്ഥരും ഒത്തുചേരുമ്പോൾ സാൽഗോങ്കർ കുടുംബം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാർ സ്റ്റുഡിയോയും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.