ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജയ് ദേവ്ഗൺ ചിത്രം 'ദൃശ്യം: ദ് കൺക്ലൂഷൻ' (ദൃശ്യം 3) ബോക്സ് ഓഫീസിൽ വൻ മുന്നേറ്റത്തോടെ യാത്ര ആരംഭിച്ചു. റിലീസ് ചെയ്ത വെള്ളിയാഴ്ച രാവിലെ തന്നെ 35 മുതൽ 40 ശതമാനം വരെ തിയേറ്റർ ഒക്യുപെൻസി രേഖപ്പെടുത്തി ചിത്രം മികച്ച തുടക്കമാണു നേടിയിരിക്കുന്നത്. ഈ വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനിൽ 'ധുരന്ധർ 2'വിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തെത്തുന്ന മികച്ച ഓപ്പണിങ് ആണിത്.
മുംബൈ, പുനെ, ഡൽഹി-എൻസിആർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് ആദ്യ ദിനത്തിൽ അനുഭവപ്പെടുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം 25 കോടി രൂപയിലധികം കളക്ട് ചെയ്തിരുന്നു. ദേശീയ അവധി ദിനത്തിൽ ചിത്രം റിലീസ് ചെയ്തത് കളക്ഷനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ആദ്യ ദിനത്തിൽ തന്നെ ചിത്രം 50 കോടി രൂപയിലേറെ കളക്ഷൻ നേടുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ വിലയിരുത്തൽ.
സാധാരണയായി ത്രില്ലർ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ ലഭിക്കാറുള്ള സ്വീകാര്യതയേക്കാൾ ഉയർന്ന ജനപ്രീതിയാണ് ദൃശ്യം ഫ്രാഞ്ചൈസിക്കു ലഭിക്കുന്നത്. ശക്തമായ കുടുംബ കഥാപശ്ചാത്തലവും വൈകാരികമായ മുഹൂർത്തങ്ങളുമാണ് ഈ സീരീസിനെ മാസ് ഓഡിയൻസിലേക്ക് അടുപ്പിച്ചത്. ആദ്യ ദിനത്തിൽ തന്നെ തിയേറ്ററുകളിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോഡുകൾ കുറിക്കുമെന്നാണു സൂചന.