അജയ് ദേവ്ഗൺ നായകനായെത്തിയ ‘ദൃശ്യം 3: ദ് കൺക്ലൂഷൻ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് പന്ത്രണ്ടാം ദിവസം പിന്നിടുമ്പോൾ കടക്കുമ്പോൾ ലോകമെമ്പാടുമുള്ള കളക്ഷനിൽ ചിത്രം ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആഗോള കളക്ഷനിൽ 500 കോടി പിന്നിട്ടിരിക്കുകയാണു ചിത്രം.
ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 501.80 കോടി രൂപ പിന്നിട്ടു. അജയ് ദേവ്ഗണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 323.50 കോടി രൂപയിലെത്തി. ഗ്രോസ് കളക്ഷൻ 387.80 കോടിയും, ഓവർസീസ് കളക്ഷൻ 114 കോടി രൂപയുമാണ്.
ചിത്രത്തിന്റെ രണ്ടാം തിങ്കളാഴ്ച കളക്ഷനിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ചൊവ്വാഴ്ചയോടെ ചിത്രം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഏകദേശം 41 ശതമാനത്തോളം വർധനവോടെ ചൊവ്വാഴ്ച മാത്രം ചിത്രം 8.50 കോടി രൂപ സ്വന്തമാക്കി. ഇന്ത്യയിൽ 350 കോടി എന്ന നാഴികക്കല്ലിലേക്ക് അതിവേഗം അടുക്കുകയാണു ചിത്രം.
ഒക്ടോബർ രണ്ടിനു തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായത്തോടെയാണ് പ്രദർശനം തുടരുന്നത്. അജയ് ദേവ്ഗണിനൊപ്പം തബു, ജയ്ദീപ് അഹ്ലാവത്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.