തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ‘ദൃശ്യം 3’ ഹിന്ദി റീമേക്കിന്റെ റിലീസിന് നിയമക്കുരുക്ക്. ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമായുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ രാജ്കുമാർ തിയറ്റേഴ്സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട തങ്ങളുടെ അവകാശങ്ങൾ ലംഘിച്ചുവെന്നാണ് നിർമാതാക്കളായ ശ്രീപ്രിയയും ഭർത്താവ് രാജ്കുമാർ സേതുപതിയും ആരോപിക്കുന്നത്.
‘ദൃശ്യം 3’ന്റെ ഏതെങ്കിലും ഇന്ത്യൻ റീമേക്കിനോ അഡാപ്റ്റേഷനോ ആദ്യമായി പരിഗണിക്കപ്പെടാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് രാജ്കുമാർ തിയറ്റേഴ്സിന്റെ അവകാശവാദം.
‘ദൃശ്യം’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങൾ നിർമിക്കുന്നതിന് മുമ്പ് തങ്ങളിൽ നിന്ന് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നേടിയിരുന്നുവെന്നും നിർമാതാക്കൾ പറയുന്നു. എന്നാൽ ‘ദൃശ്യം 3’ന്റെ ഹിന്ദി പതിപ്പ് ഒരുക്കുമ്പോൾ തങ്ങൾക്ക് ഉണ്ടായിരുന്ന ഫസ്റ്റ് റൈറ്റ് ഓഫ് റിഫ്യൂസൽ അവകാശം പരിഗണിച്ചില്ലെന്നാണ് അവരുടെ ആരോപണം.
ഹിന്ദി ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബിങ് പതിപ്പുകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെയും നിർമാതാക്കൾ എതിർത്തിട്ടുണ്ട്. ഈ പതിപ്പുകളുടെ റിലീസ് തങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അവർ ആരോപിക്കുന്നു.
ഇതിന് മുമ്പും ഇതേ നിർമാതാക്കൾ മലയാളം ‘ദൃശ്യം 3’ന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ അവകാശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു അന്നത്തെ ഹർജി. സമാനമായ വാദങ്ങളുമായാണ് ഇപ്പോൾ ഹിന്ദി റീമേക്കിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 29 ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയിൽ വിഷയം അടിയന്തരമായി പരിഗണിച്ചു. എന്നാൽ ഹിന്ദി ചിത്രത്തിന്റെ നിർമാതാക്കൾക്ക് കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കാൻ അവസരം നൽകിക്കൊണ്ട് കേസ് ഒക്ടോബർ 1ലേക്ക് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.