നബീൽ ​ഗബോൾ, 'ധുരന്ധറി'ൽ ജമീൽ ജമാലിയായി രാകേഷ് ബേദി ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്,എക്സ്
Bollywood

ദാവൂദുമായി ബന്ധം; പാക് രാഷ്ട്രീയത്തിലും വന്‍ ചര്‍ച്ചയായി 'ധുരന്ധര്‍'

പപ്പപ്പ ഡസ്‌ക്‌

തിയേറ്ററുകളില്‍ തരംഗമായ 'ധുരന്ധര്‍: ദി റിവഞ്ച്' എന്ന ചിത്രം ചലച്ചിത്രലോകത്തിനു പുറത്തും വലിയ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിരിക്കുകയാണ്. ചിത്രത്തിലെ ജമീല്‍ ജമാലി എന്ന കഥാപാത്രം യഥാര്‍ഥ വ്യക്തിയോടു സാമ്യമുള്ളതാണെന്ന നിരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രാകേഷ് ബേദി അവതരിപ്പിച്ച ഈ കഥാപാത്രത്തെ പാകിസ്ഥാന്‍ രാഷ്ട്രീയ നേതാവായ നബീല്‍ ഗബോളുമായി ബന്ധപ്പെടുത്തിയാണ് പലരും സംസാരിക്കുന്നത്. ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി നബീല്‍ ഗബോള്‍ തന്നെ നേരിട്ടു രംഗത്തെത്തി.

സിനിമയില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ 'ബഡേ സാബ്' എന്ന പേരില്‍ അവതരിപ്പിക്കുന്നുണ്ട്. കറാച്ചിയിലെ ക്ലിഫ്റ്റണ്‍ ഏരിയയില്‍ ഇയാള്‍ താമസിക്കുന്നുണ്ടെന്നാണ് സിനിമയിലെ സൂചന. എന്നാല്‍ ഒരു അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായി താന്‍ ദാവൂദ് ഇബ്രാഹിമിനെ നേരിട്ടു കണ്ടിട്ടില്ലെന്നും അത്തരമൊരു വ്യക്തി അവിടെ താമസിക്കുന്നതായി തനിക്കറിയില്ലെന്നും ഗബോള്‍ വ്യക്തമാക്കി. ക്ലിഫ്റ്റണ്‍ ഏരിയ തന്റെ വീടിന് വെറും ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയാണെങ്കിലും സിനിമയിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് ദാവൂദിനെക്കുറിച്ച് താന്‍ കേട്ടിട്ടുള്ളതെന്നും ഗബോള്‍ പറഞ്ഞു.

ദാവൂദ് ഇബ്രാഹിം

സിനിമയില്‍ ജമീല്‍ ജമാലി നല്‍കുന്ന കുത്തിവയ്പിനുശേഷം ദാവൂദ് ഇബ്രാഹിം മരണക്കിടക്കയിലാണെന്നു കാണിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഗബോള്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലെ കഥാപാത്രങ്ങളുമായുള്ള സാമ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ വന്ന ഗബോളിന്റെ ഈ പ്രതികരണം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ താത്പര്യമുണര്‍ത്തിയിട്ടുണ്ട്.