ഡിസംബര്‍ അഞ്ചിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ധുരന്ധര്‍ ബോക്‌സ് ഓഫീസില്‍ രണ്ടാം ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. രണ്‍വീര്‍ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍. മാധവന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യ ധര്‍ ആണ്. രണ്ടാം ആഴ്ചയില്‍ 253 കോടി രൂപയാണു നേടിയത്. ഇത് ആദ്യ ആഴ്ചത്തേക്കാള്‍ കൂടുതലാണ്. എന്നാല്‍ മൂന്നാമത്തെ ആഴ്ച ചിത്രത്തിന്റെ കളക്ഷൻ മന്ദഗതിയിലാണ്. 15-ാം ദിവസം ഉച്ചവരെ 11.69 കോടി രൂപയാണ് ലഭിച്ചത്. മൊത്തം കളക്ഷന്‍ ഇപ്പോള്‍ 472.19 കോടി രൂപയാണ്.
'അവതാര്‍- ഫയര്‍ ആന്‍ഡ് ആഷി'ന്റെ റിലീസ് ആണ് ധുരന്ധറിന്റെ കളക്ഷനില്‍ ഇടിവുവരുത്തിയത്. 'അവതാര്‍- വേ ഓഫ് വാട്ടറി'നേക്കാള്‍ ഇന്ത്യയില്‍ ഓപ്പണിങ് കളക്ഷന്‍ കുറവാണെങ്കിലും പ്രേക്ഷകപ്രീതി വര്‍ധിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ അവതാര്‍ മികച്ച കളക്ഷനിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് 'ധുരന്ധറി'നെ ബാധിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.