'ധുരന്ധർ 2' ട്രെയിലറിൽ രൺവീർ സിങ് സ്ക്രീൻ​ഗ്രാബ്
Bollywood

രണ്‍വീറിന്റെ 'ബീസ്റ്റ് മോഡ്' കണ്ടു ഞെട്ടി താരലോകം;വേറെ ലെവലെന്ന് ബോളിവുഡ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രേക്ഷകര്‍ മാത്രമല്ല, ബോളിവുഡും ആകാംക്ഷയോടെ കാത്തിരുന്ന രണ്‍വീര്‍ സിങ് ചിത്രം 'ധുരന്ധര്‍ 2: ദി റിവഞ്ച്' ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആശംസാപ്പെരുമഴ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമായത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം രണ്‍വീറിന്റെയും സംവിധായകന്‍ ആദിത്യ ധറിന്റെയും 'ബീസ്റ്റ് മോഡ്' പ്രകടനത്തെ വാഴ്ത്തുകയാണ്.

'ബീസ്റ്റ് മോഡ് ഓണ്‍! ഈ ട്രെയിലര്‍ അതിശയിപ്പിക്കുന്നത്...' എന്നാണ് ആലിയ ഭട്ടിന്റെ പ്രതികരണം. 'അടിപൊളി! മുന്‍കൂട്ടി ആശംസകള്‍...' എന്നാണ് വിക്കി കൗശല്‍ കുറിച്ചത്. രണ്‍വീറിന്റെ ഊര്‍ജസ്വലതയെ പ്രശംസിച്ച അനില്‍ കപുര്‍, ആദിത്യ ധറിനും ടീമിനും എല്ലാ ആശംസകളും നേര്‍ന്നു. ട്രെയിലര്‍ വേറെ ലെവല്‍ ആണെന്ന് എക്‌സില്‍ കുറിച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ, ആദിത്യ ധര്‍ പ്രതികാരത്തിന്റെ പുതിയ തലംതന്നെ തുറന്നിട്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.

'ധുരന്ധർ 2' ട്രെയിലറിൽ രൺവീർ സിങ്

ഹൃത്വിക് റോഷന്‍, മൗനി റോയ്, അര്‍ജുന്‍ കപുര്‍, വേദാംഗ് റെയ്ന, ചിത്രംഗദ സിങ്, സോഫി ചൗധരി തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലറിനെക്കുറിച്ചുള്ള തങ്ങളുടെ ആവേശം പങ്കുവച്ചു. ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ ട്രെയിലറില്‍, തീര്‍ത്തും വ്യത്യസ്തവും തീവ്രവുമായ രണ്ട് ഗെറ്റപ്പുകളിലാണ് രണ്‍വീര്‍ എത്തുന്നത്. സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരുടെ സാന്നിധ്യവും ട്രെയിലറിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.

'ധുരന്ധർ 2' ട്രെയിലറിൽ സഞ്ജയ് ദത്ത്

ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ മാര്‍ച്ച് 19-ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം, ചിത്രത്തിന്റെ റിസര്‍വേഷനും റെക്കോഡിലേക്ക് കുതിക്കുകയാണ്.