'ധുരന്ധര്‍: ദി റിവഞ്ച്' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

പാകിസ്ഥാനില്‍ നരനായാട്ടുമായി രണ്‍വീര്‍; ആവേശത്തീ പടർത്തി 'ധുരന്ധര്‍ 2' ടീസര്‍

പപ്പപ്പ ഡസ്‌ക്‌

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച 'ധുരന്ധര്‍' എന്ന വമ്പന്‍ ഹിറ്റിനു ശേഷം, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'ധുരന്ധര്‍: ദി റിവഞ്ച്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൂടുതല്‍ കരുത്തനായ ലുക്കിലാണ് രണ്‍വീര്‍ സിങ് പ്രത്യക്ഷപ്പെടുന്നത്. 'യേ നയ ഹിന്ദുസ്ഥാന്‍ ഹേ' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രം പാകിസ്ഥാനിലെ ലിയാരി പശ്ചാത്തലമാക്കിയുള്ള തീപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ടീസറിലുടനീളം രണ്‍വീറിന്റെ സ്‌ക്രീന്‍ പ്രസന്‍സ് കാണികളെ ആവേശഭരിതരാക്കുന്നു. സംഭാഷണങ്ങളേക്കാള്‍ ദൃശ്യഭംഗിക്കും ആക്ഷനും മുന്‍ഗണന നല്‍കുന്ന ടീസറില്‍, കൂടുതല്‍ അപകടകാരിയായ കഥാപാത്രത്തിലേക്കുള്ള രണ്‍വീറിന്റെ മാറ്റം പ്രകടമാണ്. മഴയത്ത് രക്തവര്‍ണത്തിലുള്ള പശ്ചാത്തലത്തില്‍ നില്‍ക്കുന്ന രണ്‍വീറിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ആദ്യ ഭാഗത്തില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍ കറാച്ചിയിലെ ക്രിമിനല്‍ ശൃംഖലകളില്‍ നുഴഞ്ഞുകയറുന്നതാണ് നമ്മള്‍ കണ്ടത്. രണ്ടാം ഭാഗത്തില്‍, പാകിസ്ഥാനിലെ അധോലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഹംസ അലി മസാരി എന്ന ഏജന്റിന്റെ തുടര്‍ന്നുള്ള പോരാട്ടമാണ് പ്രമേയം.

'ധുരന്ധര്‍: ദി റിവഞ്ച്' പോസ്റ്റർ

രണ്ടാം ഭാഗവവും ആദിത്യ ധര്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിങ്ങിനെക്കൂടാതെ ആര്‍. മാധവന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം (ആദ്യ ഭാഗം ഹിന്ദിയില്‍ മാത്രമായിരുന്നു) എന്നീ ഭാഷകളില്‍ മാര്‍ച്ച് 19ന് ചിത്രം റിലീസ് ചെയ്യും.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണ് ആദ്യ ഭാഗം സ്വന്തമാക്കിയത്. 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നായി 'ധുരന്ധര്‍'. ബാഹുബലി 2, കെ.ജി.എഫ് 2, പുഷ്പ 2 തുടങ്ങിയ ചിത്രങ്ങള്‍ വിവിധ ഭാഷകളില്‍ റിലീസ് ചെയ്താണ് 1000 കോടി നേടിയതെങ്കില്‍, ഒരൊറ്റ ഭാഷയില്‍ (ഹിന്ദി) മാത്രം റിലീസ് ചെയ്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് 'ധുരന്ധര്‍'.