'ധുരന്ധർ 2' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Bollywood

ബോക്‌സ് ഓഫീസില്‍ 'ധുരന്ധര്‍ 2' തീ; കോടികളുടെ റെക്കോഡ് തകര്‍ത്ത് മുന്നോട്ട്

പപ്പപ്പ ഡസ്‌ക്‌

റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 'ധുരന്ധര്‍ 2: ദി റിവഞ്ച്' വന്‍ തരംഗമായി മാറുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലെ വമ്പന്‍ വര്‍ധന വരാനിരിക്കുന്ന പടുകൂറ്റന്‍ വിജയത്തിന്റെ സൂചനയാണ് നല്‍കുന്നത്.

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലുടനീളം ഇതിനകം തന്നെ 12.29 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിങ് ചിത്രം സ്വന്തമാക്കി. ബ്ലോക്ക് ചെയ്ത സീറ്റുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഏകദേശം 18.1 കോടി രൂപയോളം വരും. ഹിന്ദി പതിപ്പാണ് ബുക്കിങ്ങിൽ മുന്നില്‍. 12.07 കോടി രൂപ. വരും ദിവസങ്ങളില്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകളിലും ബുക്കിങ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്

നിലവില്‍ പവൻകല്യാൺ ചിത്രം 'ഒജി' സ്വന്തമാക്കിയിട്ടുള്ള 25 കോടി രൂപയുടെ പെയ്ഡ് പ്രിവ്യൂ റെക്കോര്‍ഡ് തകര്‍ക്കാന്‍ 'ധുരന്ധര്‍ 2'ന് സാധിക്കുമോ എന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ആഭ്യന്തരവിപണിക്ക് പുറമെ വിദേശത്തും 'ധുരന്ധര്‍ 2' മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അമേരിക്കയില്‍ മാത്രം പ്രീമിയര്‍ ഷോയ്ക്ക് ഇതിനകം 38,500-ലേറെ ടിക്കറ്റുകള്‍ വിറ്റുപോയി. 5.15 കോടി രൂപയോളം കളക്ഷന്‍ നേടുകയും ചെയ്തു.

ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍, പാകിസ്ഥാനിലെ ഭീകരശൃംഖലയെ തകര്‍ക്കാന്‍ കറാച്ചിയിലെത്തുന്ന ഇന്ത്യന്‍ ഏജന്റിന്റെ സാഹസികയാത്രയാണ് പറയുന്നത്.