'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ് സ്ക്രീൻ​ഗ്രാബ്
Bollywood

'ധുരന്ധര്‍ 2' മൂന്നാം നാള്‍ 500 കോടി; ഇത് രണ്‍വീര്‍ സിങ്ങിന്റെ അശ്വമേധം

പപ്പപ്പ റിപ്പോര്‍ട്ടര്‍

രണ്‍വീര്‍ സിങ് കേന്ദ്രകഥാപാത്രമാകുന്ന, രാജ്യസ്‌നേഹം പ്രമേയമായുള്ള സ്‌പൈ-ആക്ഷന്‍ ത്രില്ലര്‍ 'ധുരന്ധര്‍: ദി റിവഞ്ച്' ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും മൂന്നു ദിവസത്തിനുള്ളില്‍ ചിത്രം ആഗോളതലത്തില്‍ 500 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു.

ആദ്യത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആഗോള ഗ്രോസ് കളക്ഷന്‍ 501.04 കോടി രൂപയാണു നേടിയത്. ഇതിൽ ഇന്ത്യയിലെ കളക്ഷന്‍ 339.27 കോടി രൂപ (പെയ്ഡ് പ്രിവ്യൂ ഉള്‍പ്പെടെ). മൂന്നാം ദിവസമായ ശനിയാഴ്ച മാത്രം ഇന്ത്യയില്‍നിന്ന് 113 കോടി രൂപ ചിത്രം സ്വന്തമാക്കി. രണ്ടാം ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണിത്.

ചിത്രത്തിന്റെ കളക്ഷനില്‍ സിംഹഭാഗവും സംഭാവന ചെയ്തത് ഹിന്ദി പതിപ്പാണ്. ശനിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഹിന്ദി പതിപ്പ് 105 കോടി രൂപയാണു കരസ്ഥമാക്കിയത്. തെലുങ്ക് പതിപ്പ് അഞ്ചുകോടിയും തമിഴ് 2.95 കോടി രൂപയും നേടി. അതേസമയം, മലയാളം, കന്നഡ പതിപ്പുകള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.

'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്

വാരാന്ത്യമായതിനാല്‍ ശനിയാഴ്ച രാത്രികാല ഷോകളില്‍ 91.08 ശതമാനം ഒക്യുപ്പന്‍സിയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ആദ്യദിനം 102.55 കോടി രൂപയുമായി ഗംഭീര തുടക്കംകുറിച്ച ചിത്രം, രണ്ടാം ദിനം ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയെങ്കിലും മൂന്നാം ദിനം ശക്തമായി തിരിച്ചുവരികയായിരുന്നു. വരും ദിവസങ്ങളിലും ചിത്രം കൂടുതല്‍ റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.